അൻഷിദിന്റെ ബാക്ക് ഹീൽ ഗോൾ വിഡിയോ പങ്കുവെച്ച് ഐ.എസ്.എൽ
text_fields1. കെ.കെ. അൻഷിദ് 2.പുറംകാൽ കൊണ്ട് ഗോൾ നേടുന്ന അൻഷിദ് (വീഡിയോ ചിത്രം)
മഞ്ചേരി: അരീക്കോട് സ്വദേശിയായ 12കാരന്റെ ഗോൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ഒഫീഷ്യൽ പേജ്. കുനിയിൽ അൽ അൻവാർ യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി കെ.കെ. അൻഷിദിന്റെ ബാക്ക് ഹീൽ ഗോളാണ് വൈറലായത്. കഴിഞ്ഞദിവസം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ നടന്ന അണ്ടർ 12 ടൂർണമെൻറിലെ മത്സരത്തിലാണ് വൈറൽ ഗോൾ പിറന്നത്. ഇടതുവിങ്ങിൽനിന്ന് ലഭിച്ച ക്രോസ് അൻഷിദ് ഉയർന്ന് ചാടി വായുവിൽനിന്ന് തന്നെ മികച്ച ബാക്ക് ഹീലിലൂടെ വലയിലേക്ക് തട്ടി വിടുകയായിരുന്നു.
ഗോൾ കീപ്പറെ മറികടന്ന് പന്ത് വലയിലെത്തുന്ന ദൃശ്യം പരിശീലകൻ ഇംദാദ് കോട്ടപ്പറമ്പനാണ് പകർത്തിയത്. കോച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ദൃശ്യം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ പേജും ഏറ്റെടുത്തു. ‘പന്ത് വരുന്നത് കീപ്പർ കണ്ടില്ല’ എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും വിഡിയോ പങ്കുവെച്ചത്.
നിമിഷങ്ങൾക്കകം വിഡിയോ വൈറലായി. ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ടര ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. താരത്തെ അഭിനന്ദിച്ച് നിരവധി കമൻറുകളും വന്നു. കാവനൂർ കാസ്കോ ക്ലബ് താരമാണ് അൻഷിദ്. മമ്പാട് റെയിൻബോ ഫുട്ബാൾ അക്കാദമിക്കെതിരെ നടന്ന മത്സരത്തിലാണ് ഗോൾ പിറന്നത്. അൻഷിദിന്റെ ഇരട്ടഗോൾ മികവിൽ മമ്പാടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ടീം പരാജയപ്പെടുത്തി.
ഒരു വർഷമായി കാസ്കോ ക്ലബിന് കീഴിലെ അക്കാദമിയിൽ പരിശീലനം നേടിവരുകയാണ് അൻഷിദ്. കോച്ച് അനസാണ് താരത്തിലെ പ്രതിഭ കണ്ടെത്തിയത്. കെ.പി. അഭിലാഷ്, ഇ. നൂറുദ്ദീൻ, എം. ജുനൈസ്, കെ.പി. ഇംദാദ് എന്നിവരാണ് ക്ലബിലെ മറ്റു കോച്ചുമാർ. താൻ നേടിയ ഗോൾ ഐ.എസ്.എൽ പേജിൽ പങ്കുവെച്ചതിൽ സന്തോഷമുണ്ടെന്നും പ്രഫഷനൽ ലെവലിൽ മികച്ച കളിക്കാരനാവാനാണ് ആഗ്രഹമെന്നും അൻഷിദ് പറഞ്ഞു. കന്നിടംകുഴിയിൽ അബ്ദുൽ അസീസ്-കെ. അസ്മാബി ദമ്പതികളുടെ മകനാണ്.