ഹൈദരാബാദ്-എ.ടി.കെ ബഗാൻ സെമി ആദ്യ പാദം ഗോൾരഹിതം
text_fieldsഹൈദരാബാദ് എഫ്.സി-എ.ടി.കെ മോഹൻബഗാൻ സെമിഫൈനൽ മത്സരത്തിൽനിന്ന്
ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ്.സി-എ.ടി.കെ മോഹൻബഗാൻ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഗോളവസരങ്ങൾ ഫലപ്രാപ്തിയിലെത്തിക്കുന്നതിൽ ഇരു ഭാഗവും പരാജയപ്പെട്ടതോടെ മാർച്ച് 13ന് കൊൽക്കത്തയിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ജയിക്കുന്നവർക്ക് ഫൈനലിൽ കടക്കാമെന്നായി.
11ാം മിനിറ്റിൽ ഹൈദരാബാദിന്റെ ഗോൾശ്രമം ബഗാൻ ഗോളി കെയ്ത്ത് തടഞ്ഞു. നർസാരിയുടെ ക്രോസിന് ചിയാനീസ് തലവെച്ചത് നേരേ പോസ്റ്റിലേക്ക് ചെന്നെങ്കിലും ഒറ്റക്കൈ കൊണ്ട് സേവ് ചെയ്തു. 38ാം മിനിറ്റിൽ ബഗാൻ ലീഡ് നേടിയെന്നുറപ്പിച്ച നിമിഷം ഇഞ്ച് വ്യത്യാസത്തിൽ ഗോളും പന്തും തെന്നിമാറി. അകലെനിന്ന് പോസ്റ്റിനരികിലേക്ക് പെട്രാറ്റോസിന്റെ ഷോട്ട്. തുടർന്ന് സുഭാഷിഷ് ബോസിന്റെ ഹെഡ്ഡർ. ഗോളി ഗുർമീതിനെയും പരാജയപ്പെടുത്തിയെങ്കിലും പ്രീതം കോട്ടാലിന്റെ അടി പക്ഷേ, ക്രോസ് ബാറിൽത്തട്ടി.
ഒന്നാം പകുതിയിൽ കളത്തിൽ മുൻതൂക്കം ഹൈദരാബാദിനായിരുന്നു. രണ്ടാം പകുതിയിലും ഇരു ഭാഗത്തിനും അവസരങ്ങൾ. 55ാം മിനിറ്റിൽ മുഹമ്മദ് യാസിറിന്റെ നീക്കം പോസ്റ്റിൽത്തട്ടിയകന്നു. അവസാന അരമണിക്കൂറിൽ ഇരു ടീമും നടത്തിയ സബ്സ്റ്റിറ്റ്യൂഷനും പക്ഷേ, സ്കോർ ബോർഡ് ചലിപ്പിക്കാനായില്ല.