ബംഗളൂരുവിനെ വീഴ്ത്തി ഒഡിഷ; ജയം 3-1ന്
text_fieldsബംഗളൂരുവിനെതിരെ ഗോൾ നേടിയ ഒഡിഷ താരം യാവി ഹെർണാണ്ടസിന്റെ ആഹ്ലാദം
പനജി: ദിവസങ്ങൾക്കുമുമ്പ് നോർത്ത് ഈസ്റ്റിനെ വൻ മാർജിനിൽ തകർത്തുവിട്ട ആവേശവുമായി തുടർജയം തേടിയിറങ്ങിയ ബംഗളൂരുവിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മറികടന്ന് ഒഡിഷ. യാവി ഹെർണാണ്ടസ് നേടിയ ഇരട്ട ഗോളുകളുടെ കരുത്തിലാണ് സുനിൽ ഛേത്രിയുടെ സംഘത്തെ ഒഡിഷ വീഴ്ത്തിയത്.
വിസിൽ മുഴങ്ങി മൂന്നാം മിനിറ്റിൽതന്നെ ബംഗളൂരു വലയിൽ ആദ്യ വെടി മുഴങ്ങി. ഒഡിഷ ആക്രമണം പ്രതിരോധിക്കാൻ കയറിയ ഗോളി ഗുർപ്രീതിെൻറ തലക്കു മുകളിലൂടെ യാവി ഹെർണാണ്ടസ് പന്ത് പൊക്കിയിടുകയായിരുന്നു. അനായാസം വലക്കണ്ണികൾ ചുംബിച്ച പന്തിൽ ഒഡിഷക്ക് ലീഡ്. ഇതോടെ ഉണർന്ന ബംഗളൂരു നിരന്തരം ആക്രമണവുമായി എതിർഹാഫിൽ ഓളം തീർത്തതിനൊടുവിൽ ഗോൾ മടങ്ങി. ഒഡിഷക്കെതിരായ കോർണറിൽ, കാത്തുനിന്ന എതിർ പ്രതിരോധ മതിലിനുമുകളിൽ ചാടി അലൻ കോസ്റ്റയുടെതായിരുന്നു ഹെഡർ ഗോൾ.
പിന്നെയും ബംഗളൂരു നിറഞ്ഞു കളിച്ചെങ്കിലും ആദ്യപകുതി ഓരോ ഗോളുമായി പിരിഞ്ഞു. ഇടവേള കഴിഞ്ഞെത്തി ആറു മിനിറ്റിനിടെ ഒഡിഷ എതിർവലയിൽ ഗോൾ അടിച്ചുകയറ്റി. ഫ്രീ കിക്ക് ലക്ഷ്യത്തിലെത്തിച്ച് യാവി ഹെർണാണ്ടസായിരുന്നു രണ്ടാം തവണയും ഒഡിഷക്ക് ലീഡ് നൽകിയത്. 10 മിനിറ്റ് കഴിഞ്ഞ് ബംഗളൂരുവിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും ഛേത്രി എടുത്ത കിക്ക് ഒഡിഷ ഗോളി തടുത്തു. റീബൗണ്ടിൽ സഹതാരം പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല.
കൊണ്ടും കൊടുത്തും അതിവേഗം മുന്നേറിയ കളിയിൽ ബംഗളൂരു തിരിച്ചടിക്കുമെന്ന് തോന്നിച്ച അവസാന നിമിഷങ്ങളിൽ ഒഡിഷ വീണ്ടും സ്കോർ ചെയ്തു. ഇഞ്ച്വറി സമയത്ത് പിന്നാലെകൂടിയ പ്രതിരോധ താരത്തെ പലവുരു ഡ്രിബ്ൾ ചെയ്ത് അരിദായ് ആയിരുന്നു ഗോൾ കണ്ടെത്തിയത്. ഇതോടെ സ്കോർ 3-1.