ഐ.എസ്.എൽ: ഈസ്റ്റ് ബംഗാളിനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്
text_fieldsകൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ േപ്ല ഓഫ് സ്വപ്നവുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി നൽകി ഈസ്റ്റ് ബംഗാൾ. എതിരില്ലാത്ത ഒറ്റ ഗോളിനാണ് പോയന്റ് പട്ടികയിൽ മൂന്നാമതുള്ള ബ്ലാസ്റ്റേഴ്സിനെ അവർ തറപറ്റിച്ചത്. 77ാം മിനിറ്റിൽ െക്ലയിറ്റൺ സിൽവയാണ് കൊൽക്കത്തക്കാരുടെ വിജയഗോൾ നേടിയത്. ഐ.എസ്.എല്ലിൽ ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനോട് തോൽവിയറിയുന്നത്. മൂന്നാം സ്ഥാനത്തെ ലീഡ് നാല് പോയന്റായി ഉയർത്താനുള്ള അവസരമാണ് തോൽവിയോടെ കൊമ്പന്മാർക്ക് നഷ്ടമായത്.
കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിനെ പോയന്റ് പട്ടികയിൽ ഒമ്പതാമതുള്ള ഈസ്റ്റ്ബംഗാൾ വരിഞ്ഞു മുറുക്കുകയായിരുന്നു. 59 ശതമാനം പന്ത് കൈവശം വെച്ചിട്ടും ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് വല കുലുക്കാനായില്ല. ഇരുനിരയും 12 ഷോട്ടുകൾ വീതമാണ് ഉതിർത്തത്. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ഈസ്റ്റ് ബംഗാളിന്റെ മുബശ്ശിർ റഹ്മാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
16 കളികൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന് 28 പോയന്റാണുള്ളത്. ഒരു മത്സരം കുറച്ചു കളിച്ച എ.ടി.കെ മോഹൻബഗാൻ 27 പോയന്റുമായി തൊട്ടുപിറകിലുണ്ട്. 16 കളിയിൽ 15 പോയന്റുള്ള ഈസ്റ്റ് ബംഗാൾ ഒമ്പതാം സ്ഥാനത്ത് തുടരുന്നു.