കൊച്ചിയിൽ കൊമ്പുകുലുക്കി ബ്ലാസ്റ്റേഴ്സ്
text_fieldsഗോൾ നേടിയപ്പോൾ രാഹുലിനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു
Read more at: https://www.mathrubhumi.com/special-pages/isl-2022-23/kerala-blasters-vs-chennaiyin-fc-isl-2022-2023-match-updates-1.8289047
കൊച്ചി: ജവാഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ ആർത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം. ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട തകർത്തത്.
രണ്ടാം മിനിറ്റില്‍ ഡച്ച് താരം അബ്ദുനാസര്‍ എല്‍ ഖയാത്തി ചെന്നൈയിന് വേണ്ടി വലകുലുക്കിയപ്പോൾ ഞെട്ടിയ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കേ തിരിച്ചടിച്ചു. 38 ാം മിനിറ്റിൽ സൂപ്പര്‍താരം അഡ്രിയാന്‍ ലൂണയുടെ വകയായിരുന്നു ഇൗ ഗോൾ. 64ാം മിനിറ്റിൽ മലയാളിതാരം കെ.പി.രാഹുൽ ലക്ഷ്യം കണ്ടതോടെ കൊമ്പൻമാരുടെ ആട്ടത്തിൽ ചെന്നൈ ചാരമായി.
ഒരു ഗോളടിച്ചും രണ്ടാമത്തെ ഗോളിന് വഴിയൊരുക്കുകയും ചെയ്ത അഡ്രിയൻ ലൂണയാണു കളിയിലെ താരം.തുടരെയുള്ള ചെന്നൈയിന്റെ ആക്രമണങ്ങൾക്കെതിരെ വൻമതിൽ കെട്ടിയ ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ ഗില്ലും മത്സരത്തിൽ തിളങ്ങി.
വിജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ ബ്ലാസ്‌റ്റേഴ്‌സ് സജീവമാക്കി. 17 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന് പത്ത് വിജയവും ആറു തോൽവികളും ഒന്നു സമനിലയുമാണുള്ളത്. നിലവില്‍ 17 മത്സരങ്ങളില്‍ നിന്ന് 31 പോയന്റുമായി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 17 കളികളിൽനിന്ന് നാലു വിജയത്തോടെ 18 പോയന്റ് മാത്രമുള്ള ചെന്നൈയിന്‍ എട്ടാമതാണ്. ചെന്നൈയിന്‍റെ തുടർച്ചയായ എട്ടാം തോൽവിയാണിത്.