
പൊറുക്കാനാവാത്ത പിഴവുകളുമായി പിൻനിര; ബ്ലാസ്റ്റേഴ്സിന് നാലുഗോളിന്‍റെ നാണംകെട്ട തോൽവി
text_fieldsമഡ്ഗാവ്: പ്രതീക്ഷകൾ വീണുടഞ്ഞ കളിയരങ്ങിൽ തിരിച്ചടികളുടെ തുടർക്കഥകൾക്ക് അറുതിവരുത്താനുള്ള അവസാനശ്രമങ്ങളിലും കാലിടറി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ സൂപ്പർ ലീഗിലെ 18ാം റൗണ്ട് മത്സരത്തിൽ ഹൈദരാബാദ് എഫ്.സിക്കെതിരെ ബൂട്ടുകെട്ടിയിറങ്ങിയ മലയാളത്തിന്‍റെ കൊമ്പന്മാർ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് മൂക്കുകുത്തിവീണു. കളിമറന്ന ബ്ലാസ്റ്റേഴ്സ് അേമ്പ നിരാശപ്പെടുത്തിയ മത്സരത്തിൽ രണ്ടാം പകുതിയിലായിരുന്നു ഹൈദരാബാദിന്‍റെ മുഴുവൻ ഗോളുകളും. പ്രതിരോധനിരയുടെ പാളിച്ചകളിൽനിന്നാണ് നാലു തവണയും ഹൈദരാബാദുകാർ വല കുലുക്കിയതെന്നത് ബ്ലാസ്റ്റേഴ്സിനെ നാണം കെടുത്തുന്നതായി.
പ്രതിരോധനിരയുടെ ക്ലിയറൻസിൽ പിഴച്ച് ആദ്യ രണ്ടവസരങ്ങൾ ബ്ലാസ്റ്റേഴ്സ് തളികയിലെന്നവണ്ണം വെച്ചുനീട്ടിയപ്പോൾ ഫ്രാൻ സൻഡാസയാണ് ഇരുവട്ടവും വല കുലുക്കിയത്. 58ാം മിനിറ്റിൽ കോനെ നെഞ്ചിലെടുത്ത് നിയന്ത്രിക്കാൻ ശ്രമിച്ച പന്ത് തട്ടിത്തെറിച്ചപ്പോൾ വീണുകിടന്ന് ചിയാനീസ് തട്ടിനീക്കിയത് സൻഡാസക്ക്. ഗോളിക്ക് പിടികൊടുക്കാതെ പന്ത് ഉടനടി വലയിൽ. നാലു മിനിറ്റിനുശേഷം കോനെയുടെ കണക്കുകൂട്ടൽ പിഴച്ച ബാക്ക്പാസ് ചിയാനീസ് തട്ടിയെടുത്തു. ഹൈദരാബാദ് താരത്തെ വീഴ്ത്തി ആൽബിനോ ഗോമസ് പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ റഫറി വിരൽ ചൂണ്ടിയത് പെനാൽറ്റി സ്പോട്ടിേലക്ക്. അനായാസം സൻഡാസയുടെ രണ്ടാംഗോൾ.
86ാം മിനിറ്റിൽ ഫ്രീകിക്കിൽ അരിഡേൻ സൻഡാന ഹെഡറിലൂടെ ഗോൾ നേട്ടം മൂന്നാക്കി. ഇഞ്ചുറിടൈമിൽ ജോവോ വിക്ടറിന്റെ ഗോളും ഫ്രീകിക്കിൽനിന്നുവന്ന നീക്കത്തിൽനിന്നായിരുന്നു. രണ്ടുതവണയും ബ്ലാസ്റ്റേഴ്സ് പ്രതിരോധം മാർക്കിങ്ങിൽ വരുത്തിയ അലംഭാവമാണ് ഹൈദരാബാദുകാർക്ക് മിന്നും ജയത്തിലേക്ക് വീണ്ടും ഗോളുകളൊരുക്കിയത്.
ജയത്തോടെ 18 കളിയിൽ 27പോയന്‍റുമായി മൂന്നാം സ്ഥാനത്തേക്ക് കയറിയ ഹൈദരാബാദ് സെമി പ്രതീക്ഷകൾ സജീവമാക്കി. 18 കളിയിൽ 16 പോയന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തുതന്നെ തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
