എ.ടി.കെ മോഹൻ ബഗാനും ബംഗളൂരു എഫ്.സിയും സമനിലയിൽ പിരിഞ്ഞു
text_fieldsബാംബോലിം: ഇത്തവണ പോയൻറ് പട്ടികയിൽ പിറകിലാണെങ്കിലും ഐ.എസ്.എല്ലിലെ പരമ്പരാഗത കരുത്തർ തമ്മിലുള്ള പോരിൽ ആവേശം ഒട്ടും കുറഞ്ഞില്ല. മുൻ ചാമ്പ്യന്മാരായ എ.ടി.കെ മോഹൻ ബഗാനും ബംഗളൂരു എഫ്.സിയുമാണ് മൂന്നു ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞത്. ആറു വ്യത്യസ്ത ഗോൾ സ്കോറർമാർ ഇടംപിടിച്ച മത്സരം ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ് ആവേശം നിറഞ്ഞുനിന്നതായിരുന്നു.
സമനിലയോടെ ആറു കളികളിൽ എട്ടു പോയൻറായ എ.ടി.കെ ആറാം സ്ഥാനത്ത് തുടരുേമ്പാൾ ഏഴു മത്സരങ്ങളിൽ അഞ്ചു പോയൻറുള്ള ബംഗളൂരു ഒമ്പതാം സ്ഥാനത്താണ്.
എ.ടി.കെക്കായി സുഭാശിഷ് ബോസ്, ബൗമു, റോയ് കൃഷ്ണ (പെനാൽറ്റി) എന്നിവരും ബംഗളൂരുവിനായി ക്ലെയ്റ്റൻ സിൽവ, ഡാനിഷ് ഫാറൂഖ്, പ്രിൻസ് ഇബാറ എന്നിവരുമാണ് സ്കോർ ചെയ്തത്. ബംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രിയെ പുറത്തിരുത്തിയാണ് കളി തുടങ്ങിയത്. അവസാനഘട്ടത്തിൽ ഛേത്രി കളത്തിലെത്തിയെങ്കിലും ടീമിന് ജയം സമ്മാനിക്കാനായില്ല.

