അദ്ഭുതങ്ങൾ സംഭവിച്ചില്ല! ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്സ്; പ്ലേ ഓഫ് സ്വപ്നം പൊലിഞ്ഞു
text_fieldsമഡ്ഗാവ്: ഐ.എസ്.എല്ലിൽ ഗോവയോടും തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സാധ്യതകളുടെ വിദൂര പ്രതീക്ഷകളും ഇല്ലാതായി. മഡ്ഗാവ് ഫറ്റോർദ സ്റ്റേഡിയത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് മഞ്ഞപ്പടയുടെ തോൽവി.
സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ 11ാം തോൽവി. മഞ്ഞപ്പട എട്ടിൽനിന്ന് പത്താം സ്ഥാനത്തേക്ക് വീണു. 21 മത്സരങ്ങളിൽ 24 പോയന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. രണ്ടാം സ്ഥാനത്ത് തുടരുന്ന ഗോവ പോയന്റ് നേട്ടം 42 ആക്കി. ഐക്കർ ഗുരോത്ക്സേന, മുഹമ്മദ് യാസിർ എന്നിവരാണ് ഗോവക്കായി വലകുലുക്കിയത്. മത്സരത്തിലുടനീളം ഗോവക്ക് തന്നെയായിരുന്നു മേൽക്കൈ. ആറാം മിനിറ്റിൽ ഗോവൻ താരം ഡെയാൻ ഡ്രാസിചിനെ ഫൗൾ ചെയ്തതിന് ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ ഡസാൻ ലഗേറ്റർ മഞ്ഞക്കാർഡ് കണ്ടു. പത്താം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം ഡാനിഷ് ഫാറൂഖിന് പരിക്കേറ്റതിനെതുടർന്ന് അൽപനേരത്തേക്ക് കളിനിർത്തി. 12ാം മിനിറ്റിലും ഫൗൾ കാർഡ്. ഇക്കുറി മറുഭാഗത്തായിരുന്നു. സന്ദർശക താരം ഡ്രിൻസിചിനെ യാസിർ വീഴ്ത്തി. ഡിഫൻസീവ് ഹാഫിൽ ബ്ലാസ്റ്റേഴ്സിന് ഫ്രീ കിക്ക്.
മഞ്ഞപ്പട മുൻതൂക്കം തുടരവെ നായകൻ ലൂണയെ ഫൗൾ ചെയ്തതിന് ഗോവയുടെ ബോറിസിനും കാർഡ്. ആതിഥേയ മുഖങ്ങളിൽ സമ്മർദം തുടരവെ ഗാലറിയെ ഇളക്കി ഗോവക്ക് 19ാം മിനിറ്റിൽ കോർണർ. യാസിറിന്റെ കിക്കിൽ കാൾ മഫ് ഒരു ഓപൺ ഹെഡ്ഡർ തുലച്ചതോടെ വീണ്ടും നിരാശ. 36, 38 മിനിറ്റുകളിൽ ഗോവൻ താരങ്ങളുടെ മുന്നേറ്റത്തിന് ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടയിട്ടത് കോർണർ കിക്കുകളിൽ കലാശിച്ചെങ്കിലും സ്കോർ അനക്കമുണ്ടാക്കാനായില്ല. യാസിറായിരുന്നു നീക്കങ്ങൾക്ക് നേതൃത്വം നൽകിയത്. ഗോൾരഹിതമായി ഒന്നാം പകുതി.
രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ ഗോവ ലക്ഷ്യത്തിൽ. 46ാം മിനിറ്റിൽ ഡെജാൻ ഡ്രാസിക്കിന്‍റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ തട്ടിയകറ്റിയെങ്കിലും റീ ബൗണ്ട് പന്ത് ഗുരോത്ക്സേന വലയിലാക്കി. സമനിലക്കായി മഞ്ഞപ്പട പൊരുതവെ ലീഡ് ഉയർത്താൻ അവസരം നോക്കി ഗോവ. 68ാം മിനിറ്റിൽ വിബിൻ മോഹന്റെ അടി ഗോവൻ താരത്തിന്റെ കൈകളിൽതട്ടിയതിന് ബ്ലാസ്റ്റേഴ്സ് പെനാൽറ്റി അപ്പീൽ ചെയ്തെങ്കിലും കോർണറിലേക്ക് വിരൽചൂണ്ടി റഫറി. 73ാം മിനിറ്റിൽ യാസിർ ഗോവയുടെ രണ്ടാം ഗോൾ നേടി. ഇടതുപാർശ്വത്തിൽനിന്ന് ബോക്സിനുള്ളിലേക്ക് ഗുരോത്ക്സേന നൽകിയ മനോഹര ക്രോസ് യാസിറിന് ഒന്നു തട്ടിയിടേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു.
84ാം മിനിറ്റിലാണ് ലക്ഷ്യത്തിലേക്ക് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഷോട്ടെത്തുന്നത്. ഗോളി അത് രക്ഷപ്പെടുത്തുകയും ചെയ്തു. 88ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് ലഭിച്ച ഫ്രീ കിക്കും എങ്ങുമെത്താതെ പോയി. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒറ്റ ഗോളിന് ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. ഗോവ ഉൾപ്പെടെ ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിനുള്ള വിദൂര സാധ്യതയുണ്ടായിരുന്നു. ജാംഷഡ്പുർ എഫ്.സി, മുംബൈ സിറ്റി എന്നിവക്കെതിരെ രണ്ട് ഹോം മാച്ചുകളും ഹൈദരാബാദിനെതിരെ എവേ മത്സരവുമാണ് ഇനി ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളത്. ഈ മൂന്നു മത്സരങ്ങൾ ജയിച്ചാലും പ്ലേ ഓഫിൽ കടക്കാനാകില്ല.
പഞ്ചാബിനെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ
ന്യൂഡൽഹി: ഐ.എസ്.എൽ പ്ലേ ഓഫ് തേടുന്ന ഈസ്റ്റ് ബംഗാൾ 3-1ന് പഞ്ചാബ് എഫ്.സിയെ തോൽപിച്ച് സ്ഥാനം മെച്ചപ്പെടുത്തി. 12ാമതായിരുന്ന ഇവർ 24 പോയന്റുമായി ഒമ്പതാം സ്ഥാനത്തേക്ക് കയറി. പഞ്ചാബിനും 24 പോയന്റുണ്ടെങ്കിലും ഗോൾശരാശരിയിൽ പിറകിലായതിനാൽ 11ാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

