ഐ.എസ്.എൽ; ആധിയും പ്രതിഷേധവുമറിയിച്ച് ക്ലബുകൾ
text_fieldsകൊച്ചി: അടുത്ത സീസൺ മുതൽ ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ പങ്കാളിത്തം എത്രത്തോളം വേണമെന്ന് പുനഃപരിശോധിക്കാൻ ഭൂരിഭാഗം ക്ലബുകളും തീരുമാനിച്ചു. അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ ഭാരവാഹികളും ക്ലബ് ഉടമകളും തമ്മിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണിത്. ഇതുമായി ബന്ധപ്പെട്ട് ഐ.എസ്.എൽ ക്ലബുകൾ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സടക്കം 11 ക്ലബുകളാണ് ഒരുമിച്ച് രംഗത്തുവന്നിരിക്കുന്നത്.മുമ്പത്തെ വാണിജ്യ നഷ്ടങ്ങൾ നികത്താൻ ഫുട്ബാൾ ഫെഡറേഷൻ കൊണ്ടുവന്ന പുതിയ എൻട്രി ഫീസ് ഘടനയെയും ക്ലബുകൾ ശക്തമായി എതിർക്കുന്നു. ഇത് വൻ സാമ്പത്തിക ബാധ്യത വരുത്തുമെന്നാണ് വാദം.
അടുത്ത സീസണിലെ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ കളിക്കാരുടെ കരാർ പുതുക്കാനോ ബജറ്റ് തയാറാക്കാനോ ക്ലബുകൾക്ക് കഴിയുന്നില്ല. തുടർച്ചയായ നിക്ഷേപങ്ങൾ നടത്തിയിട്ടും കൃത്യമായ സാമ്പത്തിക സുരക്ഷിതത്വമില്ലാത്ത സാഹചര്യത്തിലാണ് തങ്ങളുടെ പങ്കാളിത്തം കുറക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുന്നതെന്ന് ക്ലബുകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
സാമ്പത്തികവും പ്രവർത്തനപരവുമായ ബാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ നിലവിലെ രീതിയിൽ മുന്നോട്ടുപോകുന്നത് പ്രയാസകരമാണ്. ലീഗ് മുന്നോട്ടുകൊണ്ടുപോകുന്ന ക്ലബുകള്‍തന്നെ അനിശ്ചിതത്വത്തിനിടയില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്നത് നിരാശജനകമാണ്. സാമ്പത്തികമായി സ്ഥിരതയാര്‍ന്ന ലീഗ് സംവിധാനമാണ് ഇന്ത്യന്‍ ഫുട്‌ബാളിന്റെ ഭാവിക്കു നിര്‍ണായകം. ഇതിനായി ഒരു ബദല്‍ മാതൃക തങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അത് എ.ഐ.എഫ്.എഫ് ഗൗരവമായി പരിഗണിക്കണമെന്നും ക്ലബുകൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാൾ, ജാംഷഡ്പുർ എഫ്.സി, മുഹമ്മദൻസ് എസ്.സി ക്ലബുകൾ മാത്രമാണ് ഇതിൽ ഒപ്പുവെക്കാത്തത്.
നിർദിഷ്ട വാണിജ്യ പങ്കാളിയോട് വിയോജിപ്പ്
വാണിജ്യ പങ്കാളിയായി അടുത്ത 15 വർഷത്തേക്ക് 2129 കോടി രൂപയുടെ കരാറാണ് ലണ്ടൻ ആസ്ഥാനമായുള്ള ജീനിയസ് സ്പോർട്സ് മുന്നോട്ടുവെച്ചത്. എന്നാൽ, ഇതിന്റെ വ്യവസ്ഥകളോട് ക്ലബുകൾക്ക് വിയോജിപ്പുണ്ട്. ലീഗിന്റെ വരുമാനത്തിന്റെ 90 ശതമാനവും ക്ലബുകൾക്ക് ലഭിക്കണമെന്നും ജീനിയസ് സ്പോർട്സിനെ ഡേറ്റ-സാങ്കേതിക പങ്കാളിയായി മാത്രം നിലനിർത്തണമെന്നുമാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

