Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എസ്.എൽ പോരാട്ടങ്ങൾക്ക് നാളെ കിക്കോഫ്; എല്ലാ മത്സരങ്ങളും യൂട്യൂബിൽ സൗജന്യമായി കാണാം

text_fields
bookmark_border
ഐ.എസ്.എൽ പോരാട്ടങ്ങൾക്ക് നാളെ കിക്കോഫ്; എല്ലാ മത്സരങ്ങളും യൂട്യൂബിൽ സൗജന്യമായി കാണാം
cancel

ന്യൂഡൽഹി: ഏറെക്കാലത്തെ അനിശ്ചിതത്വങ്ങൾക്കും പ്രതിസന്ധികൾക്കും വിട, ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് ശനിയാഴ്ച്ച കിക്കോഫ്. ഇന്ത്യൻ ഫുട്ബാൾ ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട്, പരമ്പരാഗത ഹോം-ആൻഡ്-എവേ ഫോർമാറ്റിലേക്കാണ് ഇത്തവണ ലീഗ് തിരിച്ചെത്തുന്നത്. ഒക്ടോബർ 10 മുതൽ 2027 മേയ് വരെ എട്ട് മാസത്തോളം നീണ്ടുനിൽക്കുന്ന പുതിയ സീസണിൽ 13 ടീമുകളാണ് മാറ്റുരക്കുന്നത്. ജനുവരി 17 വരെയുള്ള ആദ്യ ഘട്ടത്തിൽ 78 മത്സരങ്ങൾ നടക്കും. കൂടുതൽ കാണികളെ സ്റ്റേഡിയത്തിൽ എത്തിക്കുന്നതിനായി ആദ്യഘട്ടത്തിലെ 53 മത്സരങ്ങളും വെള്ളി, ശനി, ഞായർ ദിവസങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.

ക്ലബ്ബുകളുടെ കടുത്ത സാമ്പത്തിക ബാധ്യതയും എ.ഐ.എഫ്.എഫ് നിയമങ്ങളിലെ പോരായ്മകളും കാരണം അടുത്തിടെ വലിയ പ്രതിസന്ധികളിലൂടെയാണ് ഐ.എസ്.എൽ കടന്നുപോയത്. വിവിധ ക്ലബ്ബുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടതും, നൂറ്റമ്പതോളം താരങ്ങളുടെ കരാർ സംബന്ധിച്ച് അനിശ്ചിതത്വം ഉടലെടുത്തതും ഇന്ത്യൻ ഫുട്ബാളിനെത്തന്നെ പിടിച്ചുകുലുക്കിയിരുന്നു.

ഇത്തവണ ഫുട്ബാൾ ആരാധകർക്ക് ഇരട്ടിമധുരം നൽകുന്നതാണ് സംപ്രേക്ഷണത്തിലെ മാറ്റങ്ങൾ. സീസണിലെ 163 മത്സരങ്ങളും ഇത്തവണ യൂട്യൂബിലൂടെ സൗജന്യമായി കാണാം. സബ്സ്ക്രിപ്ഷൻ നിരക്കുകളില്ലാതെ കൂടുതൽ കാഴ്ച്ചക്കാരിലേക്ക് ഫുട്ബാൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ സംപ്രേക്ഷണ പങ്കാളിയായി യൂട്യൂബിനെക്കൂടി ഉൾപ്പെടുത്തിയത്. യൂട്യൂബിന് പുറമെ സോണിലിവിലും തത്സമയ സംപ്രേക്ഷണം ലഭ്യമായിരിക്കും.

ജംഷേദ്പൂർ എഫ്.സിയെ ഏറ്റെടുത്ത് ലീഗിലേക്ക് തിരിച്ചെത്തിയ ചർച്ചിൽ ബ്രദേഴ്‌സിന്റെ വരവാണ് ഈ സീസണിലെ മറ്റൊരു പ്രത്യേകത. ചർച്ചിൽ ബ്രദേഴ്‌സും എഫ്.സി ഗോവയും നേർക്കുനേർ വരുന്ന ഐ.എസ്.എൽ ചരിത്രത്തിലെ കന്നി 'ഗോവ ഡെർബി'ക്കും ഈ സീസൺ സാക്ഷ്യം വഹിക്കും. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ ഖുമാൻ ലംപാക് സ്റ്റേഡിയമാണ് ഇത്തവണ പുതുതായി ഐ.എസ്.എൽ ഭൂപടത്തിൽ ഇടംപിടിച്ചത്. നവംബർ 24-ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡും സ്‌പോർട്ടിങ് ക്ലബ് ഡൽഹിയും തമ്മിലുള്ള പോരാട്ടം ഇവിടെ നടക്കും.

ലീഗ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിന് ഐ.എസ്.എൽ ഷീൽഡും ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലേക്കുള്ള യോഗ്യതയും ലഭിക്കും. ആദ്യ ആറ് സ്ഥാനക്കാർ പ്ലേഓഫ് മത്സരങ്ങളിലേക്ക് യോഗ്യത നേടും. അതേസമയം, പ്രൊമോഷൻ നേടി ഐ.എസ്.എല്ലിലേക്ക് എത്തിയ ഡയമണ്ട് ഹാർബർ എഫ്.സിക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഫീസ് അടക്കാൻ കഴിയാത്തതിനാൽ പോയിന്റ് നേടാൻ യോഗ്യതയുണ്ടായിരിക്കില്ല. ഇതോടെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാകുന്ന ക്ലബ്ബ്, 2027-28 സീസണിൽ ഐ.എസ്.എൽ പദവി നഷ്ടമായി തിരികെ ഇന്ത്യൻ ഫുട്ബോൾ ലീഗിലേക്ക് മടങ്ങും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ISL 2026-27 Kicks Off Tomorrow
Next Story