ഇന്ത്യൻ ഫുട്ബാളിലെ അനിശ്ചിതത്വം നീങ്ങി; ഐ.എസ്.എല്ലിന് ഫെബ്രുവരി 14ന് കിക്കോഫ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിലെ അനിശ്ചിതത്വം നീങ്ങി, ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐ.എസ്.എൽ) പുതിയ സീസണ് ഫെബ്രുവരി 14ന് തുടക്കമാകും. കേന്ദ്ര കായികമന്ത്രി മൻസൂക് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് സാധാരണ സെപ്റ്റംബറിൽ ആരംഭിക്കേണ്ട സീസൺ നീണ്ടുപോയത്.
അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനുമായി ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് (എഫ്.എസ്.ഡി.എൽ) മാസ്റ്റർ റൈറ്റ്സ് കരാർ പുതുക്കിയിരുന്നില്ല.
വാണിജ്യ പങ്കാളിയെ കണ്ടെത്താൻ എ.ഐ.എഫ്.എഫ് നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല. ഈ സാഹചര്യത്തിലാണ് ഫെഡറേഷൻതന്നെ നേരിട്ട് രംഗത്തിറങ്ങി മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ‘ഐ.എസ്.എല്ലുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ന് സർക്കാർ, ഫുട്ബാൾ ഫെഡറേഷൻ അധികൃതരും മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ ഉൾപ്പെടെ 14 ക്ലബുകളുടെ പ്രതിനിധികളും യോഗം ചേർന്ന് ഐ.എസ്.എൽ ഫെബ്രുവരി 14ന് നടത്താൻ തീരുമാനിച്ചു. എല്ലാ ക്ലബുകളും പങ്കെടുക്കും’ -മാണ്ഡവ്യ മാധ്യമങ്ങളോട് പറഞ്ഞു.
സീസണിൽ 14 ക്ലബുകളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹോം-എവേ അടിസ്ഥാനത്തിൽ 91 മത്സരങ്ങളുണ്ടാകും. സീസണിൽ മത്സരങ്ങൾ വെട്ടിക്കുറച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഐ.എസ്.എല്ലിന്റെ നടത്തിപ്പ് ചെലവ് 25 കോടി വരുമെന്ന് എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു. ഫുട്ബാൾ ഫെഡറേഷനും വാണിജ്യ പങ്കാളിയും ചേർന്നാണ് ഇതു വഹിക്കുക. വാണിജ്യ പങ്കാളിയെ കണ്ടെത്താത്ത പക്ഷം ഫെഡറേഷൻ 14 കോടി രൂപ ഐ.എസ്.എല്ലിനായും 3.2 കോടി ഐ ലീഗിനുമായും മാറ്റിവെക്കുമെന്ന് ചൗബെ കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം രാജ്യത്തെ ഫുട്ബാളിന്റെ ദുരവസ്ഥ വിവരിച്ച് ഫിഫയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഫുട്ബാൾ ഇതിഹാസം സുനിൽ ഛേത്രി, ദേശീയ താരങ്ങളായ ഗുർപ്രീത് സിങ് സന്ധു, സന്ദേശ് ജിങ്കാൻ, മൻവീർ സിങ്, രാഹുൽ ഭേകെ ഉൾപ്പെടെയുള്ള താരങ്ങൾ രംഗത്തുവന്നിരുന്നു. പത്തു വർഷം പിന്നിട്ട ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബാളിന്റെ ഭാവി അനിശ്ചിതമായി മുടങ്ങിയതോടെയാണ് താരങ്ങൾ ഫിഫയുടെ സഹായം തേടിയത്.
പത്തുവർഷമായി ലീഗിന്റെ നടത്തിപ്പുകാരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് (എഫ്.എസ്.ഡി.എൽ) മാസ്റ്റർ റൈറ്റ്സ് കരാർ കാലാവധി കഴിഞ്ഞതോടെയാണ് ഐ.എസ്.എൽ പ്രതിസന്ധിയിലായത്. ഇതിനകം തന്നെ വിവിധ ക്ലബുകൾ വിദേശ താരങ്ങളെ ഒഴിവാക്കുകയും, പരിശീലനം നിർത്തിവെക്കുകയും ചെയ്ത അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

