സുൽത്താന്മാരാവാൻ ഹൈദരാബാദ്
text_fieldsപ്രാരംഭ സീസണിലെ പ്രകടനം കണ്ട് ദുർബലരായി മുദ്രകുത്തപ്പെട്ടവർ. പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം തൊട്ടടുത്ത സീസൺ മുതൽ പതിന്മടങ്ങ് വീര്യത്തോടെ തിരിച്ചുവരുന്നു. വമ്പന്മാരായ ടീമുകൾക്കിടയിലേക്കിറങ്ങി മൂന്നുവർഷംകൊണ്ട് ഹൈദരാബാദ് രചിച്ച ചരിത്രത്തിന്റെ ബാക്കിപത്രം 2021-22 സീസണിലെ ചാമ്പ്യൻപട്ടമാണ്.
മൂന്നാം സീസണിൽതന്നെ കിരീടം കൈക്കലാക്കിയ ഹൈദരാബാദിന്റെ പോരാട്ടവീര്യത്തിന് ഇന്നും ചൂര് കുറഞ്ഞിട്ടില്ല. ദുർബലരെന്ന് പറഞ്ഞവരെക്കൊണ്ട് കൈയടിപ്പിച്ച പ്രകടനവുമായി ഹൈദരാബാദ് എഫ്.സി ഇന്ത്യൻ പ്രീമിയർ ലീഗിൽ കടന്നുവന്നത് 2019ലാണ്.
ടീം ക്വാളിറ്റിയിൽ വിട്ടുവീഴ്ചക്ക് തയാറാവാതിരുന്ന മാനേജ്മെന്റ് മികച്ച കളിക്കാരെ ടീമിലെത്തിച്ചും കളിയാവേശങ്ങൾക്ക് ശക്തിപകർന്നും ടീമിന്റെ കരുത്തിന് ആക്കം കൂട്ടി. 2021-22 സീസണിലെ ചാമ്പ്യൻപട്ടം, അതേവർഷവും തൊട്ടടുത്ത സീസണിലും ടേബിളിൽ രണ്ടാം സ്ഥാനത്ത് ഫിനിഷിങ്.
ബ്രസീലിയൻ താരങ്ങളായ മിഡ് ഫീൽഡർ ജൊ വിക്ടർ, സ്ട്രൈക്കർ ഫിലിപ് അമോറി, കോസ്റ്ററിക്കൻ മുൻനിര താരം ജൊനാഥൻ മോയ, ആസ്ട്രേലിയൻ താരം ജോ നോൾസ്, ഫിൻലാൻഡ് മിഡ്ഫീൽഡർ പെറ്റേരി പെന്നനെൻ എന്നിവരടങ്ങുന്ന കരുത്തുറ്റ വിദേശനിരതന്നെയാണ് ഹൈദരാബാദിന്റെ പ്രതീക്ഷകൾ.
മിഡ്ഫീൽഡിലെ സ്ഥിര സാന്നിധ്യവും ഇന്ത്യൻ അണ്ടർ 23 താരവുമായ മലയാളി യുവതാരം അബ്ദുൽ റബീഹും ഗോൾ പോസ്റ്റിലെ തുളവീഴാത്ത കാവൽക്കാരൻ ലക്ഷികാന്ത് കട്ടിമണിയും അടങ്ങുന്ന ടീമിനെ തകർക്കാൻ എതിർടീമിന് വിയർക്കേണ്ടി വരും. പുതിയ സീസണിലേക്ക് ഏഴുപേരെ റിലീസ് ചെയ്ത ടീം പുതിയ മികച്ച ഏഴുപേരെ സൈൻ ചെയ്തിട്ടുമുണ്ട്.
ആശാൻ
ഐ.എസ്.എൽ പത്താം സീസണിൽ പതിനൊന്ന് ടീമുകളും വിദേശ ശക്തികളിൽ വിശ്വാസമർപ്പിക്കുമ്പോൾ ഹൈദരാബാദിന്റെ കളിയഴകിന് മാറ്റ് കൂട്ടാൻ ഇത്തവണ മാനേജ്മെന്റ് കടിഞ്ഞാണേൽപിച്ചത് ഒരു ഇന്ത്യൻ പരിശീലകനെയാണ്. 2014 മുതൽ ഐ.എസ്.എലിൽ സഹപരിശീലകനായ മേഘാലയക്കാരനായ തങ്ബോയ് സിങ്റ്റോ ആണ് ഹൈദരാബാദിന്റെ പരിശീലകൻ.
തങ്ബോയ് സിങ്റ്റോ
തങ്ബോയ് ആഭ്യന്തര ടൂർണമെന്റുകളിലും ലീഗുകളിലും നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. നേട്ടങ്ങൾകൊണ്ട് മികച്ച കരിയർ പിൻബലം പടുത്തുയർത്തിയ തങ്ബോയിയുടെ ആത്മവിശ്വാസത്തിൽതന്നെയാണ് ഹൈദരാബാദ് മാനേജ്മെന്റ് വിശ്വാസമർപ്പിക്കുന്നത്.
2020 മുതൽ ഹൈദരാബാദ് ടീമിന്റെ സഹപരിശീലന കുപ്പായത്തിലുണ്ടായിരുന്നു. കൂടെ തന്ത്രങ്ങൾ മെനയാൻ ഹൈദരാബാദിന്റെ ആദ്യ ടീം കോച്ചായി തിരഞ്ഞെടുത്ത ഐറിഷുകാരൻ കോനർ നെസ്റ്ററും സഹപരിശീലകനായി മലയാളി അരീക്കോട്ടുകാരൻ ശമീൽ ചെമ്പകത്തും കൂടെയുണ്ട്.
മത്സരങ്ങൾ
സെപ്. 30 ഈസ്റ്റ് ബംഗാൾ
ഒക്ടോ. 05 ജാംഷഡ്പുർ എഫ്.സി
ഒക്ടോ. 23 ചെന്നൈയിൻ എഫ്.സി
ഒക്ടോ. 28 മുംബൈ സിറ്റി എഫ്.സി
നവം. 04 ബംഗളൂരു എഫ്.സി
നവം. 07 പഞ്ചാബ് എഫ്.സി
നവം. 25 കേരള ബ്ലാസ്സ്റ്റേഴ്സ്
ഡിസം. 02 മോഹൻ ബഗാൻ
ഡിസം. 10 നോർത്ത് ഈസ്റ്റ് യുനൈറ്റഡ്
ഡിസം. 17 ഒഡിഷ എഫ്.സി
ഡിസം. 21 ജാംഷഡ്പുർ എഫ്.സി