സമനില ചോദിച്ചുവാങ്ങി എ.ടി.കെ; മുംബൈക്കെതിരെ 1-1
text_fieldsപനാജി: ആദ്യം എതിർവലയിലും പിന്നെ സ്വന്തം വലയിലും പന്തെത്തിച്ച് സമനില ചോദിച്ചുവാങ്ങി എ.ടി.കെ മോഹൻ ബഗാൻ. കരുത്തരായ മുംബൈയുമായുള്ള മത്സരമാണ് ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞത്. ആവേശം ഇരുവശത്തും കയറിയിറങ്ങിയ കളിയിൽ ഒമ്പതാം മിനിറ്റിൽ ആദ്യ ഗോളെത്തി. സ്വന്തം പാതിയിൽ മുംബൈ താരം അഹ്മദ് ജഹൂഹിന്റെ അബദ്ധം അവസരമാക്കി വില്യംസാണ് ഗോളാക്കി മാറ്റിയത്.
പിന്നെയും തുല്യ ശക്തികളുടെ പോരാട്ടം കണ്ട കളിയിൽ 24ാം മിനിറ്റിൽ മുംബൈയുടെ ബിപിൻ എടുത്ത അപകടകരമായ കിക്ക് തലവെച്ച് രക്ഷപ്പെടുത്താനുള്ള കോട്ടലിന്റെ ശ്രമം സ്വന്തം വലയിൽ വിശ്രമിച്ചു. മനോഹരമായ അവസരങ്ങളേറെ പിറന്ന മത്സരത്തിൽ ഇരു ടീമുകളും വിജയത്തിലേക്ക് നിറയൊഴിക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാതെ അവസാന വിസിൽ മുഴങ്ങി.