ഐ.എസ്.എൽ: എ.ടി.കെയെ വീഴ്ത്തി ജാംഷഡ്പുർ
text_fieldsഎ.ടി.കെക്കെതിരായ ഗോൾ നേട്ടം ആഘോഷിക്കുന്ന ജാംഷഡ്പൂർ എഫ്.സി താരങ്ങൾ
ബാംബോലിം: ഐ.എസ്.എല്ലിലെ പവർഹൗസുകളായ എ.ടി.കെ മോഹൻ ബഗാന് തുടർച്ചയായ രണ്ടാം തോൽവി. ജാംഷഡ്പുർ എഫ്.സിക്ക് സീസണിലെ രണ്ടാം ജയവും. 2-1നായിരുന്നു ഉരുക്കുടീമിെൻറ വിജയം. ഇരുപകുതികളിലുമായി ലെൻ ഡുംഗലിെൻറയും അലക്സ് ലിമയുടെയും ഗോളുകളാണ് ജാംഷഡ്പുരിന് ജയമൊരുക്കിയത്. പ്രീതം കോട്ടാലിെൻറ വകയായിരുന്നു എ.ടി.കെയുടെ ആശ്വാസ ഗോൾ.
ഇരുഭാഗത്തെയും വിദേശതാരങ്ങളും ഗോളടിയന്ത്രങ്ങളുമായ നെരിയൂസ് വാസ്ക്വിസ്-ഗ്രെഗ് സ്റ്റുവാർട്ട്, റോയ് കൃഷ്ണ-ഹ്യൂഗോ ബൗമോ ജോടികളെ എതിർ ഡിഫൻഡർമാർ പൂട്ടിയ മത്സരത്തിൽ അതിനാൽതന്നെ ഗോളവസരങ്ങൾ കുറവായിരുന്നു.
ജാംഷഡ്പുരിെൻറ ആദ്യ ഗോൾ പൂർണമായും മെയ്ഡ് ഇൻ ഇന്ത്യയായിരുന്നു. 37ാംമിനിറ്റിൽ മൈാതനമധ്യത്തിൽ കൂടി മുന്നേറിയ ജിതേന്ദ്ര സിങ് നൽകിയ പാസിൽ മുൻ ബ്ലാസ്റ്റേഴ്സ് താരമായ ഡുംഗലിെൻറ ഷോട്ട് എ.ടി.കെ ഗോളി അമരീന്ദർ സിങ്ങിന് അവസരമൊന്നും നൽകിയില്ല. 84ാം മിനിറ്റിൽ ബോറിസ് സിങ്ങിെൻറ പാസിൽ അലക്സ് ലിമ തൊടുത്ത നിലംപറ്റെയുള്ള ഷോട്ടും വലകുലുക്കിയതോടെ ജാംഷഡ്പുർ ജയമുറപ്പിച്ചു.
അവസാനഘട്ടത്തിൽ ഭാഗ്യത്തിെൻറ അകമ്പടിയിലായിരുന്നു എ.ടി.കെ ഗോൾ. ഇടതുവിങ്ങിൽനിന്നുള്ള ക്രോസ് ജാംഷഡ്പുർ ഗോളി ടി.പി. രഹ്നേഷ് തടുത്തിട്ടത് ആദ്യം അശുതോഷ് മേത്തയുടെയും പിന്നീട് പ്രീതം കോട്ടാലിെൻറയും ദേഹത്ത് തട്ടി വലയിൽ കയറുകയായിരുന്നു.