ചെന്നൈയിനെ അഞ്ച് ഗോളിൽ മുക്കി ഗോവ
text_fieldsപനാജി: കളികളേറെ ബാക്കിയില്ലാതിരിക്കെ മരണപ്പോരാട്ടവുമായി ആദ്യ നാലിലേക്ക് ടിക്കറ്റെടുക്കാനിറങ്ങിയ രണ്ടു പേരുടെ അങ്കത്തിൽ ഗോവക്കു ജയം. ജോർജ് ഓർടിസ് ഹാട്രിക് കുറിച്ച മത്സരത്തിൽ ചെന്നൈയിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഗോവ മുക്കിയത്.
ആറാം മിനിറ്റിൽ മകൻ ചോത്തേയിലൂടെ സ്കോറിങ് തുടങ്ങിയ ഗോവക്കായി ക്ലോസ് റേഞ്ചിൽ വല കുലുക്കി 20ാം മിനിറ്റിൽ ഓർടിസ് ലീഡുയർത്തി. ദാഹംതീരാതെ ഗോൾമുഖത്ത് പറന്നുനടന്ന ഓർടിസിന്റെ കാലുകൾ ആദ്യ പകുതി അവസാനിക്കാനിരിക്കെ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ ബോക്സിന്റെ ഇടതുഭാഗത്തുനിന്നായിരുന്നു തകർപ്പൻ ഗോൾ ഷോട്ട്. മൂന്നു ഗോളിന് പിന്നിലായി കളി മറന്ന ചെന്നൈയിൻ വൈകാതെ സെൽഫ് ഗോൾ വഴങ്ങി. നാരായൺ ദാസായിരുന്നു വില്ലൻ. രണ്ടാം പകുതി ഉണർന്ന് അധികമാകുംമുമ്പ് ഓർടിസ് ഹാട്രിക് കുറിച്ചു. ബോക്സിന്റെ മധ്യത്തിൽനിന്ന് വലംകാലൻ ഷോട്ടിലായിരുന്നു ഗോൾ.