ഒഡിഷയെ വീഴ്ത്തി ചെന്നൈയിൻ എഫ്.സി
text_fieldsപനാജി: പരിക്കിൽ വലഞ്ഞ് ഗോളി അർഷ്ദീപ് സിങ്ങും പിൻനിരയിൽ സഹീൽ പൻവാറും ശുഭം സാരംഗിയും പുറത്തിരുന്ന ഒഡിഷക്കു മേൽ ഇടിത്തീ വർഷിച്ച് ചെന്നൈയിൻ. സീസണിൽ ഗംഭീരമായി തുടങ്ങി പിന്നീട് തളരാൻ നിന്നുകൊടുത്ത ഇരു ടീമുകളും ജയിക്കാനായി കളിച്ച ആവേശപ്പോരിൽ ഒഡിഷക്കെതിരെ ജയം ഒന്നിനെതിരെ രണ്ടു ഗോളിന്.
ആദ്യവസാനം ഇരുവശത്തും ആവേശം കയറിയിറങ്ങിയ മത്സരത്തിൽ ഒരു പണത്തൂക്കം മുന്നിൽനിന്നതും ആദ്യ ഗോളവസരം തുറന്നതും ചെന്നൈ ടീം. 13ാം മിനിറ്റിൽ മുർസേവിെൻറ ഷോട്ട് പക്ഷേ, അപകടമുണ്ടാക്കാതെ മടങ്ങി. തൊട്ടുപിറകെ, യാവി ഹെർണാണ്ടസിലൂടെ ഒഡിഷ ചെന്നൈ പോസ്റ്റിലും അപായ മണി മുഴക്കി. അതും സ്കോർ ബോർഡിൽ അനക്കമുണ്ടാക്കിയില്ല. 23ാം മിനിറ്റിലാണ് ആദ്യ ഗോളെത്തുന്നത്. ഒന്നിലേറെ തവണ ഗോളി കമൽജിതും പ്രതിരോധവും ചേർന്ന് തടുത്തിട്ട പന്ത് അവസാനം ചെന്നുപറ്റിയത് ചെന്നൈ താരം ജർമൻപ്രീതിെൻറ കാലിൽ. അനായാസം പന്ത് വലതൊട്ടു. ഒരു ഗോൾ ലീഡുമായി ആദ്യ പകുതി പിരിഞ്ഞ ചെന്നൈ തന്നെ രണ്ടാം പകുതിയിലും മുന്നിൽനിന്നു. 50ാം മിനിറ്റിൽ ചാങ്തെ നടത്തിയ പ്രത്യാക്രമണത്തിൽ ഗോൾ മണത്തെങ്കിലും ഒഡിഷ ഗോളി രക്ഷകനായി. 63ാം മിനിറ്റിൽ ചെന്നൈ ടീം ലീഡുയർത്തി. കളിയിലുടനീളം മിന്നുംപ്രകടനവുമായി നിറഞ്ഞുനിന്ന മിലൻ മുർസേവ് ആയിരുന്നു ഇത്തവണ ഹീറോ. ചാങ്തേയുടെ പാസ് കാലിലെടുത്ത മുർസേവ് പായിച്ച ബുള്ളറ്റ് ഷോട്ട് ഗോളിയെ കടന്ന് വല കുലുക്കുകയായിരുന്നു. അതിനിടെ, ചെന്നൈ താരം കോമാനെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ഒഡിഷക്കെതിരെ വിളിച്ച പെനാൽറ്റി കമൽജിത്ത് തടുത്തിട്ടു.
അവസാന വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ യാവി ഹെർണാണ്ടസ് ഒറ്റയാൻ നീക്കത്തിനൊടുവിൽ ഗോളിയെ കാഴ്ചക്കാരനാക്കി ഒരു ഗോൾ മടക്കിയത് ഒഡിഷക്ക് ആശ്വാസമായി.