മുംബൈക്ക് വീണ്ടും തോൽവി; ബംഗളൂരു ജയം എതിരില്ലാത്ത മൂന്നു ഗോളിന്
text_fieldsപനാജി: മുംബൈക്ക് ഇതെന്തുപറ്റി? സീസൺ തുടക്കത്തിൽ കളിച്ച ആറിൽ അഞ്ചിലും തകർപ്പൻ വിജയവുമായി ബഹുദൂരം മുന്നിൽ നിന്നവർ എല്ലാം മറന്ന് മൂന്നാമതും തോൽവി വാങ്ങി പിറകോട്ടുള്ള യാത്രയിലാണ്. പട്ടികയിൽ പിറകിലുള്ള ബംഗളൂരുവാണ് എതിരില്ലാത്ത മൂന്നു ഗോളിന് തിങ്കളാഴ്ച മുംബൈയെ വീഴ്ത്തിയത്.
നാലാം മഞ്ഞക്കാർഡുമായി അഹ്മദ് ജഹൂഹ് പുറത്തിരുന്ന കളിയിൽ ഒരു ഘട്ടത്തിലും മേൽക്കൈ പുലർത്താനാകാതെ മുംബൈ തോൽവി ചോദിച്ചു വാങ്ങുകയായിരുന്നു. സമഗ്രാധിപത്യം പുലർത്തിയ ബംഗളൂരു എട്ടാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ക്ലീറ്റൺ സിലാവ് തുടങ്ങിയ ഗോൾനീക്കം പൊള്ളുന്ന ഷോട്ടിൽ ഡാനിഷ് ഫാറൂഖാണ് വലയിലെത്തിച്ചത്. എന്നിട്ടും ഉണരാതെ ഉഴറിയ മുംബൈ വലയിൽ കാൽമണിക്കൂറിനിടെ വീണ്ടും ഗോളെത്തി. ഇബാറ ആയിരുന്നു സ്കോറർ. 23ാം മിനിറ്റിൽ റോഷൻ നവോറം നൽകിയ ക്രോസിൽ പ്രിൻസ് ഇബാറ തലവെക്കുകയായിരുന്നു. ബംഗളൂരു വാഴ്ച പൂർത്തിയാക്കി ഒന്നാം പകുതി അവസാനിക്കാനിരിക്കെ ലീഡ് മൂന്നാക്കി. ഇഞ്ച്വറി സമയത്ത് കോർണർ കിക്കിൽ തലവെച്ച് ഇബാറ തന്നെ വീണ്ടും വലകുലുക്കി.
രണ്ടാം പകുതിയിൽ കളിയുടെ ഗതി മാറ്റി മുംബൈ തിരിച്ചടിക്കാൻ ശ്രമം നടത്തി. 66ാം മിനിറ്റിൽ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. തൊട്ടുപിറകെ അൻഗുലോയുടെ ശ്രമവും പുറത്തുപോയി. കൊടുത്തുംകൊണ്ടും അതിവേഗം പുരോഗമിച്ച കളിയിൽ ഇരു ടീമുകളും എതിർഗോൾമുഖത്ത് തീപടർത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല.