പനാജി: പോയന്റ് പട്ടികയിലെ പിൻനിരക്കാരുടെ മികച്ച പോരാട്ടം കണ്ട ജി.എം.സി അത്ലറ്റിക് സ്റ്റേഡിയത്തിൽ ആതിഥേയരെ വീഴ്ത്തി കൊൽക്കത്തൻ കരുത്ത്. ഒന്നിനെതിരെ രണ്ടു ഗോളടിച്ചാണ് ഈസ്റ്റ് ബംഗാൾ നിർണായക ജയം പിടിച്ചെടുത്തത്.
ഒമ്പതാം മിനിറ്റിൽ എതിർവല കുലുക്കി നവോരം സിങ് ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. ഗോൾ വീണതോടെ കളിയിലേക്കുണർന്ന ഗോവ വൈകിയാണെങ്കിലും ആദ്യ പകുതിയിൽതന്നെ ഒപ്പം പിടിച്ചു. 37ാം മിനിറ്റിൽ ആൽബർട്ടോ നൊഗേരയാണ് ആതിഥേയർക്ക് സമനില സമ്മാനിച്ചത്. എന്നാൽ, നാട്ടുകാരെ വാഴാൻ വിടാതെ കളിച്ച ബംഗാൾ അഞ്ചു മിനിറ്റിനകം വീണ്ടും വല കുലുക്കി.
സ്കോററായി അപ്പോഴും നവോരം സിങ് തന്നെയായിരുന്നു. അവസാന മിനിറ്റുകളിൽ ഗോൾ തിരിച്ചടിക്കാൻ ഗോവ നിരന്തരം ഓടിനടന്നെങ്കിലും പ്രതിരോധം കനപ്പിച്ച് ഈസ്റ്റ് ബംഗാൾ വല കാത്തു.