ഹൈദരാബാദിനെ മുക്കി ജാംഷഡ്പുർ സെമിയിൽ
text_fieldsഹൈദരാബാദിനെതിരെ ഗോൾനേട്ടം ആഘോഷിക്കുന്ന ജംഷഡ്പൂർ താരങ്ങൾ
പനാജി: മൂന്നുവട്ടം വല കുലുക്കുകയും അതിലേറെ തവണ പെനാൽറ്റി ബോക്സിൽ പ്രകമ്പനം തീർക്കുകയും ചെയ്ത് ഹൈദരാബാദിനെ നിശ്ശൂന്യമാക്കി ഐ.എസ്.എല്ലിൽ ജാംഷഡ്പുർ ചരിത്രത്തിലാദ്യമായി നോക്കൗട്ടിൽ. ഇതുവരെയും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന എതിരാളികൾക്ക് അവസരമേതും നൽകാതെയായിരുന്നു മൂന്നു വിലപ്പെട്ട ഗോളുകളുമായി ഉരുക്കുനഗരക്കാർ ഒരു കളി ബാക്കിനിൽക്കെ ഒന്നാം നമ്പറും സെമിയും സ്വന്തമാക്കിയത്.
ഒന്നാമന്മാർ തമ്മിലുള്ള ആവേശപ്പോര് പ്രതീക്ഷിച്ച മത്സരത്തിൽ തുടക്കം മുതൽ ഉരുക്കുനഗരക്കാരുടെ തേരോട്ടമായിരുന്നു. അഞ്ചാം മിനിറ്റിലേ ഗോളടിച്ച് അവർ വരവറിയിച്ചു. പെനാൽറ്റി ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഹൈദരാബാദ് താരം സന സിങ്ങിന്റെ ദേഹത്തുതട്ടി സ്വന്തം വലയിൽ കയറുകയായിരുന്നു. കലിയടങ്ങാതെ പറന്നുനടന്ന ജാംഷഡ്പുർ 28ാം മിനിറ്റിൽ ഹാർട്ലിയുടെ ഹെഡർ ഗോളിൽ ലീഡുയർത്തി. രണ്ടാം പകുതിയിൽ ചീമ പട്ടിക പൂർത്തിയാക്കി.