ഐ.എസ്.എല്ലിൽ കൈയൊപ്പ് ചാർത്തി എടത്തനാട്ടുകാരുടെ സുഹൈർ
text_fieldsഗോൾ നേടിയ സുഹൈറിെൻറ ആഹ്ലാദം
അലനല്ലൂർ: ഒടുവിൽ എടത്തനാട്ടുകര ഒന്നടങ്കം കാത്തിരുന്ന ആ നിമിഷം വന്നെത്തി. തങ്ങളുടെ പ്രിയ താരം വി.പി. സുഹൈർ ഇന്ത്യൻ സൂപ്പർ ലീഗിൽ കൈയൊപ്പ് ചാർത്തിയിരിക്കുന്നു. അതിസുന്ദരമായ ഗോളിലൂടെയാണ് താരം ആരാധകരുടെ മനം നിറച്ചത്. സുഹൈറിനെ കളിയിലെ താരമായി തെരഞ്ഞെടുത്തതോടെ സന്തോഷം ഇരട്ടിച്ചു. ചൊവ്വാഴ്ച നടന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-ഈസ്റ്റ് ബംഗാൾ മത്സരത്തിൽ 48ാം മിനിറ്റിലാണ് സുഹൈറിെൻറ ഗോൾ പിറന്നത്.
ഈ ഗോളിലൂടെ നോർത്ത് ഈസ്റ്റ് ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഐ.എസ്.എല്ലിൽ താരം നേടുന്ന ആദ്യ ഗോളാണിത്. ആദ്യ മത്സരത്തിൽ തന്നെയാണ് അസിസ്റ്റ് നൽകി സുഹൈർ വരവറിയിച്ചത്. മോഹൻ ബഗാനിൽ നിന്നാണ് താരം നോർത്ത് ഈസ്റ്റിലെത്തിയത്. ഈസ്റ്റ് ബംഗാൾ, ഗോകുലം എഫ്.സി എന്നീ ടീമുകൾക്കായും സന്തോഷ് ട്രോഫിയിൽ മൂന്ന് തവണ കേരളത്തിനായും താരം ജഴ്സിയണിഞ്ഞിട്ടുണ്ട്. മത്സരത്തിൽ നോർത്ത് ഈസ്റ്റ് വിജയിച്ചതോടെ (2-1) പ്ലേ ഓഫ് സാധ്യത നിലനിർത്തി.

