പനാജി: ജാംഷഡ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ച് എഫ്.സി ഗോവയുടെ കുതിപ്പ്. ഇരട്ട ഗോൾ നേടിയ സ്പാനിഷ് താരം ജോർജ് ഒർടിസിെൻറ മികവിലാണ് എഫ്.സി ഗോവ ജാംഷഡ്പൂരിനെ തകർത്തത്. 19, 52 മിനിറ്റുകളിലായിരുന്നു ഒർടിസിെൻറ ഗോളുകൾ. ആദ്യ ഗോളിന് ആൽബർട്ടോ നൊഗേരയും രണ്ടാം ഗോളിന് ബ്രണ്ടൻ െഫർണാണ്ടസും അവസരം ഒരുക്കി.
89ാം മിനിറ്റിൽ ഇവാൻ ഗെരീഡോയാണ് ഗോവയുടെ ഗോൾ പട്ടിക പൂർത്തീകരിച്ചത്. അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് സമനിലയിൽ കുരുങ്ങിയിരുന്ന ഗോവ ഇതോടെ വിജയവഴിയിൽ തിരിച്ചെത്തി. തുടർച്ചയായ രണ്ടു തോൽവികൾ ഏറ്റുവാങ്ങിയ ജാംഷഡ്പൂർ ഏഴാം സ്ഥാനത്താണ്.