നാട്ടങ്കത്തിൽ എ.ടി.കെ
text_fieldsകൊൽക്കത്ത: കൊൽക്കത്ത ടീമുകൾ മുഖാമുഖം നിന്ന ആവേശപ്പോരിൽ ഈസ്റ്റ് ബംഗാളിനെ അടിച്ചിട്ട് എ.ടി.കെ മോഹൻ ബഗാൻ. തുടക്കം മുതൽ ഏകപക്ഷീയമായിപ്പോയ മത്സരത്തിൽ എ.ടി.കെ സൂപ്പർ താരം റോയ് കൃഷ്ണ 12ാം മിനിറ്റിൽ ടീമിന് ലീഡ് നൽകി. പ്രീതം കോട്ടൽ നൽകിയ പാസ് എതിർഗോളിക്ക് അവസരമേതുംനൽകാതെ മനോഹരമായി വലയിലെത്തിക്കുകയായിരുന്നു. രണ്ടു മിനിറ്റിനിടെ വീണ്ടും ഗോൾ പിറന്നു.
ഈസ്റ്റ് ബംഗാൾ നിരക്കു പറ്റിയ പിഴവിൽ പന്ത് കാലിലെടുത്ത മൻവീർ ഈസ്റ്റ് ബംഗാൾ കാവൽക്കാരൻ അരിന്ദം ഭട്ടാചാര്യയെയും കടന്ന് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. രണ്ടു ഗോൾ ലീഡിലും നിർത്താതെ പറന്നുനടന്ന എ.ടി.കെ മുന്നേറ്റം 10 മിനിറ്റിനിടെ അടുത്ത ഗോളും കണ്ടെത്തി. എ.ടി.കെ ആക്രമണം തടയാൻ വീണ ഗോളിയുടെ കൈകളിൽനിന്ന് പന്ത് വഴുതിയപ്പോൾ കൂടെ ഓടിയെത്തിയ ലിസ്റ്റൺ അനായാസം വല കുലുക്കുകയായിരുന്നു.

