ഗോവക്ക് രണ്ടാം ജയം; ഒഡിഷയെ ഒരു ഗോളിന് തോൽപിച്ചു
text_fieldsപനാജി: സൂപ്പർ താരം ഇഗോർ അംഗുലു നേടിയ ഏക ഗോളിൽ എഫ്.സി ഗോവക്ക് സീസണിലെ രണ്ടാം ജയം. ആദ്യ പകുതിക്ക് വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു ഒഡിഷ എഫ്.സിക്കെതിരെ സ്പാനിഷ് താരം അംഗുലുവിൻെറ ഗോൾ.
ഇതോടെ എട്ടു പോയൻറുമായി ഗോവ നാലാം സ്ഥാനത്തേക്ക് കയറി. കന്നി ജയത്തിനായി ഒഡിഷക്ക് ഇനിയും കാത്തിരിക്കണം. അഞ്ചു മത്സരങ്ങൾ പൂർത്തിയാക്കിയ ഒഡിഷ എഫ്.സി ഇതുവരെ ജയിച്ചിട്ടില്ല.
വമ്പന്മാർക്കെതിരെ പൊരുതിയാണ് ഒഡിഷ തോറ്റത്. പ്രതിരോധം കനപ്പിച്ച ഒഡിഷക്കെതിരെ നിരവധി അവസരങ്ങൾ ഗോവ സൃഷ്ടിച്ചെങ്കിലും എതിർ ഗോളി അർഷീപ് സിങ് അവർക്ക് വില്ലനായി. ആറോളം ഗോളുറപ്പിച്ച ഷോട്ടുകളാണ് അർഷീപ് രക്ഷപ്പെടുത്തിയത്. 45+3 മിനിറ്റിലാണ് അംഗുലു അർഷീപിനെ മനോഹരമായി കബളിപ്പിച്ച് ഗോൾ നേടുന്നത്. അഞ്ചു മത്സരങ്ങളിൽ നാലും തോറ്റ ഒഡിഷ പത്താം സ്ഥാനത്ത് ഡെയ്ഞ്ചർ സോണിലാണ്. അഞ്ചു ഗോളുമായി അംഗുലു ടോപ് സ്കോർ പട്ടികയിൽ മുന്നിലുണ്ട്.

