ഫുട്ബാളിലെ ഹെഡ്ഡർ മരണകാരണമോ...?
text_fieldsലണ്ടൻ: ലോകകപ്പ് മത്സരങ്ങൾ തുടരുന്നതിനിടെ ഫുട്ബാൾ താരങ്ങളെ ഞെട്ടിപ്പിക്കുന്ന ഒരു അന്വേഷണ റിപ്പോർട്ട് പുറത്ത്. കളിക്കിടെ പന്ത് ഹെഡ് ചെയ്യുന്നത് മസ്തിഷ്കത്തിന് പരിക്കേൽക്കാനും, പിന്നീട് മരണകാരണമായേക്കാവും വിധം രോഗിയാക്കാനും ഇടയാകുമെന്ന വാദങ്ങൾക്ക് പിൻബലമേകുന്നതാണ് മുൻ ഇംഗ്ലീഷ് താരവും 1966 ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗവുമായ നോബി സ്റ്റൈൽസിന്റെ മരണ റിപ്പോർട്ട്. തലക്കേറ്റ ക്ഷതമാണ് മരണത്തിനിടയാക്കിയതെന്നാണ് മാസ്റ്റർ സൗത്ത് കോടതി ജഡ്ജി ക്രിസ് മോറിസ് വ്യക്തമാക്കിയത്. ബ്രെയിൻ സ്പെഷലിസ്റ്റുകളുടെ നേതൃത്വത്തിൽ സാമ്പിളുകൾ പരിശോധിച്ചതായും, ഇതു സംബന്ധിച്ച് കൂടുതൽ കണ്ടെത്താൻ വിപുലമായ അന്വേഷണം ആവശ്യമാണെന്നും കോടതിയെ അറിയിച്ചു.
ഇംഗ്ലണ്ടിന്റെ ഏക ലോകകപ്പ് കിരീട നേട്ടമായ 1966 ലോകകപ്പ് ടീമിൽ അംഗമായിരുന്ന നോബി സ്റ്റൈൽസ് 2020 ഒക്ടോബർ 30നാണ് തലയിലേറ്റ ആഘാതത്തെ തുടർന്ന് മരിച്ചത്. നിരന്തരമായി തലക്ക് ആഘാതമേൽക്കുന്നതിനെ തുടർന്ന് ബാധിക്കുന്ന ക്രോണിക് ട്രോമാറ്റിക് എൻസലോപ്പതി (സി.ടി.ഇ) രോഗം ബാധിച്ചായിരുന്നു മരണം. സാധാരണ ഫുട്ബാൾ, റഗ്ബി, ബോക്സിങ്, ഐസ് ഹോക്കി താരങ്ങൾക്ക് ബാധിക്കുന്ന രോഗമാണിത്.
തങ്ങളുടെ പിതാവ് ഫുട്ബാൾ കാരണമാണ് മരിച്ചതെന്ന ആരോപണവുമായി നോബി സ്റ്റൈൽസിന്റെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു.
മുൻ കളിക്കാർക്ക് ഫുട്ബാൾ കാരണം സംഭവിച്ച രോഗാവസ്ഥയെ നേരിടാൻ ഫുട്ബാൾ ഭരണാധികാരികൾ വേണ്ടത്ര ശ്രദ്ധയോ, സഹായമോ നൽകുന്നില്ലെന്നും നോബിയുടെ മകൻ ജോൺ സ്റ്റൈൽസ് കുറ്റപ്പെടുത്തി.
മരണവുമായി ബന്ധപ്പെട്ട് ജൂലൈ 15ന് മാഞ്ചസ്റ്റർ കോടതിയിൽ ഇൻക്വസ്റ്റ് വാദം കേൾക്കുമെന്ന് ജഡ്ജി ക്രിസ് മോറിസ് പറഞ്ഞു. ഫുട്ബാൾ താരങ്ങളിൽ മസ്തിഷ്കത്തെ ബാധിക്കുന്ന ന്യൂറോഡീജനേറേറ്റിവ് രോഗങ്ങളുടെ സാധ്യത മൂന്നര മടങ്ങ് കൂടുതലാണെന്ന് പ്രഫഷനൽ ഫുട്ബാളേഴ്സ് അസോസിയേഷനും (പി.എഫ്.എ), ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷനും നടത്തിയ പഠനത്തിൽ വെളിപ്പെടുത്തുന്നുണ്ട്.
1966ൽ ഇംഗ്ലണ്ട് ലോകകിരീടമണിഞ്ഞ ടീമിലെ ഏറെ പേർക്ക് സമാന അസുഖങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്. മുൻ സ്കോട്ലൻഡ്, ലീഡ്സ് താരം ഗോർഡൻ മക്കീൻ, മാർട്ടിൻ പീറ്റേഴ്സ് എന്നിവർക്കും സമാനമായ രോഗങ്ങൾ ബാധിച്ചായിരുന്നു മരണം. ലോകകപ്പ് ജയിച്ച ടീമിലെ ഡിഫൻഡറായിരുന്ന നോബി സ്റ്റൈൽസ്, മാഞ്ചസ്റ്റർ യുനൈറ്റഡ് താരമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

