പാക് ക്രിക്കറ്റ് ലീഗ് കണ്ടവർ ഐ.പി.എല്ലിനെയും മറികടന്നുവെന്ന അവകാശവാദവുമായി നജം സേഥി
text_fieldsക്രിക്കറ്റിലെ ബദ്ധവൈരികൾ തമ്മിൽ ബാറ്റുകൊണ്ടുള്ള പോര് പണ്ടേ സജീവമാണ്. സമീപകാലത്ത് അതിനപ്പുറത്തേക്കും ഇത് വളർന്നുകഴിഞ്ഞതാണ്. ഏഷ്യകപ്പ് പാകിസ്താനിൽ നടത്തിയാൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത് ഇതിന്റെ ഭാഗമായിരുന്നു. ഏഷ്യകപ്പിന് ഇന്ത്യയെത്തിയില്ലെങ്കിൽ ഒക്ടോബർ- നവംബറിൽ നടക്കുന്ന ഏകദിന ലോകകപ്പിന് പാകിസ്താനും എത്തില്ലെന്ന് ആദ്യം പറഞ്ഞവർ പിന്നീട് നിലപാട് തിരുത്തി.
ഇതിനിടെയാണ് പുതിയ അവകാശവാദവുമായി പാക് ക്രിക്കറ്റ് ബോർഡ് മേധാവി നജം സേഥി എത്തിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കാണികളുള്ള ക്രിക്കറ്റ് ലീഗായ ഐ.പി.എല്ലിനെക്കാൾ ഇത്തവണ ജനം കണ്ടത് പാക് ലീഗാണെന്നാണ് വാദം. പി.എസ്.എൽ 2023 കലാശപ്പോര് കഴിഞ്ഞ ദിവസം പൂർത്തിയായതിനു പിന്നാലെയാണ് നജം സേഥി എത്തിയിരിക്കുന്നത്. ലാഹോർ ഖലന്ദറും മുൽത്താൻ സുൽത്താൻസും തമ്മിലായിരുന്നു ഫൈനൽ. ആദ്യം ബാറ്റു ചെയ്ത് 200 റൺസെടുത്ത മുൽത്താൻ സുൽത്താൻസ് ഒരു റണ്ണിന് ജയിച്ചാണ് കപ്പുമായി മടങ്ങിയത്.
ഡിജിറ്റൽ റേറ്റിങ്ങിൽ ഐ.പി.എല്ലിനെക്കാൾ കേമം പാക് ലീഗായിരുന്നുവെന്നാണ് നജം സേഥിക്ക് പറയാനുള്ളത്. സീസൺ പകുതി പിന്നിടുമ്പോൾ 15 കോടി പേർ പി.എസ്.എൽ കണ്ടെങ്കിൽ ആ ഘട്ടത്തിൽ ഐ.പി.എൽ കണ്ടത് 13 കോടി പേർ മാത്രമായിരുന്നെന്നാണ് സേഥിയുടെ അവകാശവാദം.
ഐ.പി.എൽ 16ാം എഡിഷൻ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മാർച്ച് 31ന് തുടക്കമാകാനിരിക്കുകയാണ്. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്തും നാലു തവണ കപ്പുയർത്തിയ ചെന്നൈയും തമ്മിലാണ് ഉദ്ഘാടന മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

