തീപാറിയ സൗഹൃദം; ഫ്രഞ്ച് പടയെ 2-0ന് തുരത്തി ജർമനി, ഇംഗ്ലണ്ടിനെ വീഴ്ത്തി ബ്രസീൽ
text_fieldsലണ്ടൻ/പാരീസ്: യൂറോ കപ്പിനും കോപ്പ അമേരിക്കയ്ക്കും മുമ്പായുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരങ്ങളിൽ ബ്രസീൽ ഇംഗ്ലണ്ടിനെ 1-0നും ജർമനി ഫ്രാൻസിനെ 2-0നും പരാജയപ്പെടുത്തി.
വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട്-ബ്രസീൽ മത്സരത്തിൽ 80ാം മിനിറ്റിൽ കൗമാര താരം എൻഡ്രിക്കാണ് ലാറ്റിനമേരിക്കൻ ടീമിന് വേണ്ടി ലക്ഷ്യംകണ്ടത്. ലോകകപ്പിന് ശേഷം മോശം ഫോമിലായിരുന്ന ബ്രസീൽ ടീമിന് ഇംഗ്ലണ്ടിനെതിരായ വിജയം ആശ്വാസമായി.
പരിക്കേറ്റ ഹാരി കെയ്നും ബുക്കായോ സാക്കയും ഇല്ലാതെയാണ് ഇംഗ്ലീഷ് നിര ഇറങ്ങിയത്. ഗോൾ നേടാനുള്ള നിരവധി അവസരങ്ങൾ ഇംഗ്ലീഷുകാർക്ക് ലഭിച്ചെങ്കിലും ലക്ഷ്യംകണ്ടില്ല. വെംബ്ലിയിൽ 21 മത്സരങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ട് പരാജയമറിയുന്നത്.
മറ്റൊരു മത്സരത്തിൽ കഴിഞ്ഞ ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ജർമനി പരാജയപ്പെടുത്തിയത്. മത്സരത്തിന്‍റെ ഒന്നാംമിനിറ്റിൽ തന്നെ ഫ്ലോറിൻ വിറ്റ്സിലൂടെ ജർമനി ഗോൾ നേടി. 49ാം മിനിറ്റിൽ കൈ ഹാവേർട്സിലൂടെ ജർമനി രണ്ടാംഗോളും നേടി വിജയമുറപ്പിച്ചു. ഫ്രാൻസ് മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ മടക്കാനായില്ല. മാർച്ച് 27ന് നെതർലൻഡ്സിനെതിരെയാണ് ജർമനിയുടെ അടുത്ത മത്സരം. അന്ന് ചിലിയെ ഫ്രാൻസും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

