ഇന്റർ കോണ്ടിനന്റൽ കപ്പ്: ഫ്ലെമിങ്ങോയെ കീഴടക്കി പി.എസ്.ജിക്ക് കിരീടം
text_fieldsദോഹ: ക്ലബ് ഫുട്ബാൾ കിരീടമായ ഫിഫ ഇന്റർ കോണ്ടിന്റൽ കപ്പിൽ ബ്രസീലിയൻ കരുത്തരായ ഫ്ലെമിങ്ങോയെ കീഴടക്കി കിരീടം സ്വന്തമാക്കി പാരിസ് സെന്റ് ജെർമെയ്ൻ. അവസാന നിമിഷംവരെ അവേശം നിറഞ്ഞ കളിയിൽ എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിലാണ് പി.എസ്.ജി ജയം നേടിയത്. 1-1ൽ കലാശിച്ച കളി ഷൂട്ടൗട്ടിൽ 2-1ന് പിടിച്ചു ഫ്രഞ്ച് ടീം.
തുടക്കത്തിൽ ഫ്ലെമിങ്ങോയുടെ ഗോൾവല ലക്ഷ്യമാക്കി പി.എസ്.ജി നിരവധിയായ ശ്രമങ്ങൾ നടത്തി. ലീ കാങ്കിൻ, ജാവോ നെവസ് തുടങ്ങിയവരുടെ ശ്രമങ്ങൾ പക്ഷേ, വല കുലുക്കാനായില്ല. മറുഭാഗത്ത് ഫെമിങ്ങോക്കായി മുന്നേറ്റ താരമായ ജോർജ് കാരാസ്കൽ, എറിക് തുടങ്ങിയവർ നടത്തിയ ശ്രമങ്ങൾ ഗോൾ കീപ്പർ മാറ്റ് വി സഫോനോവ് കൈപ്പിടിയിലൊതുക്കുകയായിരുന്നു. എന്നാൽ, 38ാം മിനിറ്റിൽ ഫ്ലെമിങ്ങോയുടെ പ്രതിരോധത്തെ മറികടന്ന് ഖ്വിച ക്വാരത്‌സ്‌ഖേലിയ പി.എസ്.ജിക്കായി ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ ജോർജിനോയിലൂടെ ഫ്ലെമിങ്ങോ സമനില ഗോൾ നേടി. 62ാം മിനിറ്റിൽ പി.എസ്.ജി താരം മാർക്വിൻഹോക്ക് ഫൗൾ ലഭിച്ചതോടെ ഫ്ലെമിങ്ങോക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുകയായിരുന്നു.
ജയ ഗോൾ കണ്ടെത്താൻ ഇരുകൂട്ടരും തുടർച്ചയായ മുന്നേറ്റം നടത്തിയെങ്കിലും ശ്രമം കണ്ടില്ല. എക്സ്ട്രാ ടൈമും പിന്നിട്ട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാൽറ്റിയിൽ ആദ്യ ഷൂട്ടൗട്ട് ഫെമിങ്ങോ താരം നിക്കോളാസ് ഡി ലാ ക്രൂസ് വലയിലെത്തിച്ചെങ്കിലും പിന്നീടുള്ള ശ്രമങ്ങളെല്ലാം വിഫലമായി. പി.എസ്.ജിക്കായി വിതിൻഹ, നുനോ മെൻഡെസ് എന്നിവർ പെനാൽറ്റി ഷൂട്ടൗട്ട് വലയിലാക്കിയപ്പോൾ ഒസ്മാൻ ഡെംബെലെ, ബാർകോള എന്നിവർക്ക് ലക്ഷ്യം കാണാനായില്ല. ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയാണ് പി.എസ്.ജി ഇന്റർ കോണ്ടിനെന്റൽ ഫൈനലിനിറങ്ങിയത്. മറുഭാഗത്ത് മെക്സികോയുടെ ക്രൂസ് അസുലിനെയും ഈജിപ്തിന്റെ പിരമിഡ്സ് എഫ്.സിയെയും പരാജയപ്പെടുത്തി ചാലഞ്ചർ കപ്പ് സ്വന്തമാക്കി ഫ്ലെമിങ്ങോയുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

