ചരിത്രം രചിക്കാൻ ഇന്തോനേഷ്യ; ജപ്പാന് അഗ്നിപരീക്ഷ
text_fieldsദോഹ: ഗ്രൂപ് ഡിയിൽ ഇന്ന് നിർണായക മത്സരങ്ങൾ. ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച് നോക്കൗട്ടിൽ ഇടംനേടിയ ഇറാഖ് താരതമ്യേന ദുർബലരായ വിയറ്റ്നാമിനെ നേരിടും. അതേസമയം, കിരീട ഫേവറിറ്റുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ജപ്പാന് നേരിടാനുള്ളത് ഒന്നും നഷ്ടപ്പെടാനില്ലാത്ത ഇന്തോനേഷ്യയെയാണ്. ഇറാഖിനെതിരായ തോൽവിയുടെ ഞെട്ടലിൽനിന്ന് മാറാതെയാണ് ജപ്പാൻ കളത്തിലിറങ്ങുന്നതെങ്കിൽ വിയറ്റ്നാമിനെതിരെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി നോക്കൗട്ട് പ്രതീക്ഷകളുമായാണ് ഇന്തോനേഷ്യ ബൂട്ടുകെട്ടുന്നത്. ഇന്ന് വൈകീട്ട് 2.30ന് അൽ തുമാമ സ്റ്റേഡിയത്തിലാണ് ജപ്പാൻ-ഇന്തോനേഷ്യ മത്സരം നടക്കുന്നത്.
മറ്റൊരു മത്സരത്തിൽ ഇറാഖ് വിയറ്റ്നാമിനെ നേരിടും. സദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ 2.30നാണ് കിക്കോഫ്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് നേരത്തേതന്നെ നോക്കൗണ്ട് റൗണ്ട് ഉറപ്പിച്ചാണ് ഇറാഖ് വരുന്നത്.
അതേസമയം, രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഫിലിപ് ട്രൗസിയറിന്റെ വിയറ്റ്നാം ഇതിനകം ടൂർണമെന്റിൽനിന്ന് പുറത്തുപോയിട്ടുണ്ട്. ജപ്പാനെതിരെ രണ്ടിനെതിരെ നാലു ഗോളുകൾക്കും ഇന്തോനേഷ്യയോട് ഏകപക്ഷീയമായ ഒരു ഗോളിനുമാണ് വിയറ്റ്നാം പരാജയപ്പെട്ടത്.

