Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇന്തോനേഷ്യൻ...

ഇന്തോനേഷ്യൻ ഫുട്ബാളിലെ ഡച്ച് വിപ്ലവം; ലോകകപ്പ് യോഗ്യതാ സ്വപ്നം അകലെയല്ല

text_fields
bookmark_border
indonesia football
cancel
camera_alt

ലോകകപ്പ് യോഗ്യതാ മത്സരത്തിനിറങ്ങുന്ന ഇന്തോനേഷ്യൻ ടീം. ടീമിലെ 11ൽ 10 പേരും നെതർലൻഡ്സിൽ നിന്നുമെത്തിയ താരങ്ങൾ

ദേശീയ ടീമിൽ 80 ശതമാനവും ​നെതർലൻഡ്സ് താരങ്ങൾ. പരിശീലകനായി മുൻ ഡച്ച് താരം പാട്രിക് ​ൈക്ലവെർട്ട്. ​ഏഷ്യൻ ഫുട്ബാളിൽ പുതു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് മുക്കാലും ഓറഞ്ചായി മാറിയ ഇന്തോനേഷ്യ.


ഇന്ത്യൻ
മഹാസമുദ്രത്തിൽ ഇന്ത്യ ഉപഭൂഖണ്ഡത്തിനും, ആസ്ട്രേലിയക്കുമിടയിൽ ചിന്നിച്ചിതറി കിടക്കുന്ന ഭൂപ്രദേശം. നിരവധി ഉൾക്കടലുകൾക്കിടയിൽ നീണ്ടു മെലിഞ്ഞ് സൂനാമിയോടും അതിരുകൾ ഭേദിച്ചെത്തുന്ന കടലിനോടും പടവെട്ടുന്ന ഇന്തോനേഷ്യയുടെ മണ്ണിലും മനസ്സിലുമിപ്പോൾ ഫുട്ബാളാണ്.

ലോകഫുട്ബാളിൽ കാര്യമാ​യ മേൽവിലാസങ്ങളൊന്നുമില്ലാത്ത ഒരു നാടിന്റെ സ്വപ്നങ്ങളിൽ നിറയെ ലോകകപ്പ് ഫുട്ബാൾ എന്ന വിശ്വമഹാമേള നിറയുന്നു. പുതിയ മൈതാനങ്ങളിലേക്കും ഭൂപ്രദേശങ്ങളിലേക്കും പടരുന്ന കാൽപന്ത് ഐതിഹ്യത്തിന്റെ പുത്തൻ ​മണ്ണായി മാറാൻ ഒരുങ്ങുകയാണ് ഏഷ്യയിൽ നിന്നുള്ള ഈ കൊച്ചു രാജ്യം.

2026 ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരങ്ങളുടെ ഏഷ്യൻ പോരാട്ടങ്ങൾ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ നിറമുള്ള പ്രതീക്ഷകളുമായി ഇന്തോനേഷ്യയും മുന്നിൽ തന്നെയുണ്ട്. കണക്കു കൂട്ടലുകളും പ്രവചനങ്ങളുമായി ആരാധക മനസ്സും ഈ കുഞ്ഞു ഫുട്ബാൾ മണ്ണിനൊപ്പം തുടിക്കുന്നു.

യോഗ്യതാ അങ്കങ്ങളുടെ മൂന്ന് റൗണ്ട് പൂർത്തിയാക്കിയ ഏഷ്യയിൽ നിന്നും ഇതിനകം ആറു രാജ്യങ്ങൾ യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. കരുത്തരായ ഇറാൻ, ഉസ്ബെകിസ്താൻ, ദക്ഷിണ കൊറിയ, ജോർഡൻ, ജപ്പാൻ, ആസ്ട്രേലിയ...

കളി അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുമ്പോൾ ആറ് ടീമുകൾ രണ്ട് സ്ഥാനങ്ങൾക്കായി മാറ്റുരക്കുന്നു. അവരിൽ ഒരാളായാണ് ഇന്തോനേഷ്യ ഇപ്പോൾ കാത്തിരിക്കുന്നത്. ഗ്രൂപ്പ് ‘എ’യിൽ ഖത്തർ, യു.എ.ഇ, ഒമാൻ ടീമുകൾ മത്സരിക്കുമ്പോൾ, ‘ബി’യിൽ സൗദി ​അറേബ്യ, ഇറാഖ് എന്നിവർക്കൊപ്പമാണ് ഇന്തേനേഷ്യയുടെ സ്ഥാനം. ഓരോ ഗ്രൂപ്പിലെയും ഒരു ടീമുകൾ നേരിട്ട് തന്നെ 2026 ലോകകപ്പിന് യോഗ്യത തേടും.

അവരിൽ ഒരാളായി അമേരിക്ക-മെക്സികോ-കാനഡയിലേക്ക് പറക്കുകയെന്നത് വിദൂരമായൊരു സ്വപ്നമാണെങ്കിലും ഇന്തോനേഷ്യൻ ഫുട്ബാളിലെ സമീപകാല വിപ്ലവങ്ങളെ നിരീക്ഷിക്കുന്നവർക്ക് ഈ സ്വപ്നങ്ങളെ തള്ളിക്കളയാനാവില്ല.

ഏഷ്യൻ കപ്പിലെ മിന്നലാട്ടം

ഫിഫ റാങ്കിങ്ങിലെ സാ​ങ്കേതിക നമ്പറുകളിലേക്ക് നോക്കിയാൽ ഏറെ ദുർബലരാണ് ഇന്തോനേഷ്യ. ലോകറാങ്കിങ്ങിൽ സ്ഥാനം 119ൽ. എന്നാൽ, ഖത്തർ വേദിയായ ഏഷ്യൻ കപ്പ് ഫുട്ബാളിൽ ഇന്തോനേഷ്യൻ ഫുട്ബാളിന്റെ പുതു വിളംബരമായിരുന്നു. ഇറാഖും ജപ്പാനും ഉൾപ്പെടുന്ന ഗ്രൂപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് ടീം പ്രീക്വാർട്ടറിൽ പ്രവേശിച്ചു. കുറിയ താരങ്ങൾ മിന്നൽ പിണർ പോലെയുള്ള നീക്കങ്ങളുമായി ദോഹയിലെ മൈതാനിയിൽ കളം വാണപ്പോൾ, ഗാലറിയിലെ ആരവങ്ങളുമായി ആരാധക സാന്നിധ്യവും ശ്രദ്ധേയമായി.

​ഏഷ്യൻ കപ്പിൽ ആദ്യമായി നോക്കൗട്ടിൽ ഇടം പിടിച്ച് മടങ്ങിയവരെ, അതിനേക്കാൾ മൂർച്ചയേറിയ പ്രകടനവുമായാണ് ഇപ്പോൾ ലോകകപ്പ് യോഗ്യതാ​ ​മൈതാനങ്ങളിൽ തിളങ്ങുന്നത്.

ദക്ഷിണ കൊറിയക്കാരനായ ഷിൻ താ യോങ്ങിലൂടെ കഴിഞ്ഞ അഞ്ചുവർഷത്തിൽ പുതിയ ടീമായി അവതരിച്ച ഇന്തോന്യേഷ്യക്ക് പുത്തൻ പ്രഫഷനൽ ഫുട്ബാളിന്റെ മികവ് സമ്മാനിക്കുന്നതായിരുന്നു മുൻ ഡച്ച് ഇതിഹാസം പാട്രിക് ​ൈക്ലവെർട്ടിന്റെ വരവ്. നെതർലൻഡ്സ് ദേശീയ ടീമിനും ബാഴ്സലോണ, അയാക്സ് ക്ലബുകൾക്കുമായി ദീർഘകാലം കളിച്ച് കരിയർ അടയാളപ്പെടുത്തിയ ൈക്ലവെർട്ടിന്റെ ​കോച്ചിങ് കുപ്പായത്തിലെ ആദ്യ ദേശീയ ടീം ദൗത്യം കൂടിയായിരുന്നു ഇന്തോനേഷ്യക്കൊപ്പം. ഈ വർഷം ജനുവരിയിലായിരുന്നു 49കാരനായ മുൻതാരം ദേശീയ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്.

​ഇന്തോനേഷ്യ; മെയ്ഡ് ഇൻ ഡച്ച്

ഫുട്ബാളിലെ ഇന്തോനേഷ്യൻ വിപ്ലവത്തിന്റെ രഹസ്യങ്ങൾ ചികയുമ്പോൾ ചെന്നെത്തി നിൽക്കുന്നത് വേരറുക്കാൻ കഴിയാത്തൊരു പാരമ്പര്യത്തിലേക്കാണ്. രണ്ട് നൂറ്റാണ്ടുകാലം ഇന്തോനേഷ്യയെ തങ്ങളുടെ സജീവ കോളനികളിലൊന്നാക്കി അടക്കി വാണ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും തുടങ്ങുന്നു ആ പാരമ്പര്യം. 200 വർ​ഷത്തോളം നീണ്ട കോളനികാലത്തിനു ശേഷം ഡച്ചുകാർ രണ്ടാം ലോകമഹായുദ്ധത്തോടെ ദ്വീപ് രാജ്യം ഉപേക്ഷിച്ച് മടങ്ങിയെങ്കിലും ഇരു രാജ്യങ്ങളിലുമായി വേരാഴ്ന്ന ബന്ധങ്ങളിലൂടെ ഫുട്ബാൾ തുടർന്നു.

കഴിഞ്ഞ അരനൂറ്റാണ്ടിലേറെ ശൈശവത്തിലായിരുന്നു ഇന്തോനേഷ്യൻ ഫുട്ബാളെങ്കിലും സമീപകാല പതിറ്റാണ്ടുകളിൽ കാര്യമായ വളർച്ചയാണ് കൈവരിക്കുന്നത്. പഴയ കോളനികാലത്തിന്റെ പാരമ്പര്യത്തിനാണ് ഫുട്ബാൾ മികവിൽ അഭിമാനിക്കുന്ന പുതിയ തലമുറ ​ഇപ്പോൾ നന്ദി അറിയിക്കുന്നത്. രണ്ട് നൂറ്റാണ്ടിലേറെ നീണ്ടു നിന്ന കോളനി കാലത്തിനിടയിൽ തൊഴിൽ തേടിയും മറ്റും നെതർലൻഡ്സിലേക്ക് കുടിയേറിയ ഇന്തോനേഷ്യക്കാരുടെ പിൻ തലമുറ, കാൽപാദം നിറയെ ഫുട്ബാൾ പ്രതിഭയുമായി വളർന്നു വലുതായപ്പോൾ പൂർവികന്മാരുടെ നാടിന്റെ അഭിമാനമാകാൻ തിരികെയെത്തി തുടങ്ങുകയാണിപ്പോൾ.

നെതർലൻഡ്സിലെ അയാക്സും ​പി.എസ്.വി ഐന്തോവനും ഫെയ്നൂർദും ഉൾപ്പെടെ മുൻനിര ക്ലബുകളുടെ അക്കാദമികളിൽ കളി പഠിച്ച് വളർന്നവർ ഫിഫയുടെ സിറ്റിസൺഷിപ്പ് നിയമത്തിന്റെ പഴുതിലൂടെ തങ്ങളുടെ പൂർവികരുടെ മണ്ണ് തേടിയെത്തുന്നതാണ് ഇന്തോനേഷ്യക്ക് ഫുട്ബാളിൽ നല്ലകാലം സമ്മാനിക്കുന്നത്. ​

അതിന് പൂർണ പിന്തുണ നൽകുകയാണ് നല്ലൊരു ഫുട്ബാൾ ആരാധകൻ കൂടിയായ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ. പൂർവികരുടെ വേരുകളിലേക്ക് തിരികെയെത്താൻ കൊതിക്കുന്ന താരങ്ങൾക്ക് പൗരത്വം ഉൾപ്പെടെ നടപടികൾ എളുപ്പമാക്കുന്ന വിധത്തിൽ ഭരണകൂട നയങ്ങൾ വരെ പ്രബോവോ മാറ്റിയെഴുതി. 2023ലെ അണ്ടർ 17 ലോകകപ്പ് ആതിഥേയത്വം മുതൽ ഫുട്ബാൾ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും സ്റ്റേഡിയങ്ങൾ പണിതും ക്ലബുകളുടെയും അക്കാദമികളുടെയും നിലവാരം വർധിപ്പിച്ചും അദ്ദേഹം കാൽപന്തിന്റെ കുതിപ്പിന് പരവതാനി വിരിച്ചു. അതിന്റെ തുടർച്ചയായിരുന്നു നെതർലൻഡ്സിൽ നിന്നും ഇന്തോനേഷ്യക്കാരുടെ പിൻമുറക്കാരായ താരങ്ങളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവും.

​80 ശതമാനവും ഡച്ചുകാർ; ഓറഞ്ച് മൊഞ്ചോടെ ഇന്തോനേഷ്യ

ലോകോത്തര താരങ്ങൾ വിലസുന്ന നെതർലൻഡ്സിൽ ദേശീയ ടീമിലും ക്ലബുകളിലും ​െപ്ലയിങ് ഇലവ​ൻ ഒരു ഹിമാലയൻ ടാസ്കായി മാറുമ്പോൾ രണ്ടാം ഓപ്ഷനുകളിലൊന്നാണ് ​കുടിയേറ്റ പൈതൃകവേരുകൾ തേടിയുള്ള തിരിച്ചു പോക്ക്. അങ്ങനെ പി.എസ്.വിയിലും അയാക്സിലും ഫെയ്നൂർദിലും ഉൾപ്പെടെ ക്ലബുകളിലും നെതർലൻഡ്സ് ദേശീയ യൂത്ത് ടീമുകളിലും കളിച്ചവർ നിരവധി പേർക്ക് ഇന്തോനേഷ്യൻ കുപ്പായത്തിൽ അരങ്ങേറാൻ അവസരം ലഭിച്ചു.

ഇപ്പോൾ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കുന്ന ടീമിലുമുണ്ട് നിരവധി പേർ. ദേശീയ ഫുട്ബാൾ ഫെഡറേഷൻ ഈ ചുവടുവെപ്പിന് കൈ​യയച്ച് സഹായം നൽകിയപ്പോൾ ഇന്തോനേഷ്യൻ ഫുട്ബാൾ ഡച്ച് വിപ്ലവത്തിൽ അടിമുടി മാറുകയായി. പ്രതിരോധ മതിലായി കളം വാഴുന്ന നായകൻ ​ജേ നോഹ് ഇസസ് ജനിച്ചത് നെതർലൻഡ്സിലെ മിയർലോയിലും കളി പഠിച്ചത് ഐന്തോവനിലും. 2023ൽ ഇന്തോനേഷ്യക്കുവേണ്ടി കളിക്കാൻ തീരുമാനച്ചതിനു പിന്നാലെ, കഴിഞ്ഞ വർഷം മാർച്ചിൽ തന്നെ ദേശീയ ടീമിലും ഇടം നേടി. പ്രതിരോധത്തിലെ സാൻഡി വാൽഷ് നെതർലൻഡ്സ് അണ്ടർ 17, 19 ടീമുകൾക്ക് കളിച്ച ശേഷം രണ്ടു വർഷം മുമ്പാണ് മാതാവിന്റെ വേരുകൾ പിന്തുടർന്ന് ഇന്തോനേഷ്യൻ ദേശീയ ടീമിലേക്ക് വരുന്നത്.

ലെഫ്റ്റ് ബാക്കായി ടീമിൽ സ്ഥിരസാന്നിധ്യമായി മാറിയ ഡീൻ ജെയിംസാണ് മറ്റൊരു താരം. നെതർലൻഡ്സിലെ വിവിധ ഡിവിഷൻ ഫുട്ബാളുകളിൽ തിളങ്ങിയ ഡീൻ ഇക്കഴിഞ്ഞ മാർച്ചിൽ ഇന്തോനേഷ്യൻ പൗരത്വം സ്വീകരിച്ച് മുത്തശ്ശിയുടെ മാതൃമണ്ണിന്റെ താരമായി ജഴ്സിയണിഞ്ഞു കഴിഞ്ഞു. നെതർലൻഡ്സിനായി വിവിധ യൂത്ത് ടീമുകളിൽ കളിച്ച മുൻ ഫിയോറെന്റിന, ഫെയ്നൂർദ് താരമായ കെവിൻ ഡിക്സാണ് മറ്റൊരു താരസാന്നിധ്യം. നിലവിൽ ജർമൻ ക്ലബായ ബൊറൂസിയ മൊൻഷൻഗ്ലാഡ്ബാഹിന്റെ റൈറ്റ് ബാക്കായ ഡിക്സ്, അമ്മ വഴിയാണ് ഇന്തോനേഷ്യൻ വേരുകളിലെത്തുന്നത്. കഴിഞ്ഞ നവംബറിൽ പൗരത്വം സ്വീകരിച്ചതിനു പിന്നാലെ ദേശീയ ടീമിന്റെയും ഭാഗമായി.

പ്രതിരോധത്തിലെ കാൾവിൻ വെർഡോങ്ക് നെതർലൻഡ്സിനായി വിവിധ യൂത്ത് ടീമുകളിൽ കളിച്ച താരമാണ്. ഫെയ്നൂർദിലൂടെ കളി പഠിച്ച താരം ഒരു വർഷം മുമ്പ് ഇന്തോനേഷ്യൻ പൗരത്വം സ്വീകരിച്ച് ദേശീയ ടീമിൽ പതിവ് സാന്നിധ്യമായി അടയാളപ്പെടുത്തികഴിഞ്ഞു.

ലെഫ്റ്റ് വിങ് ബാക്കിലെ ഷായിൻ പറ്റിനാമ, പ്രതിരോധത്തിലെ ജസ്റ്റിൻ ഹബ്നർ, മധ്യനിരയിലെ മാർക് ആന്റണി ക്ലോക്, തോം ഹായെ, നതാൻ ജോ ഓൻ, മാഞ്ചസ്റ്റർ സിറ്റിയുടെയും നെതർലൻഡ്സ് ദേശീയ ടീമിന്റെയും താരം തിജാനി റെയിൻഡേഴ്സണിന്റെ സഹോദരൻ എലിയാനോ റെയിൻഡേഴ്സ്, ജോയ് പെലുപെസി, മുന്നേറ്റത്തിലെ സ്റ്റെഫാനോ ലിലി​പലി, റഗ്നാർ ഒററ്റ്മൻഗോൻ, ഒലെ റുമ്നി, മിലിയാനോ ജൊനാഥൻസ്, മൗറോ സിൽസ്ട്ര തുടങ്ങിയ ടീമിലെ 80 ശതമാനവും നെതർലൻഡ്സ് പാരമ്പര്യത്തിൽ നിന്നുള്ളവർ.

ഇവർക്കിടയിലേക്ക് സമ്പൂർണ ഡച്ച് പാരമ്പര്യവുമായി കോച്ച് ൈക്ലവെർട്ട് കൂടി ചേരുന്നതോടെ കളത്തിൽ ഇന്തോനേഷ്യൻ മേൽവിലാസത്തിൽ ഡച്ച് വിപ്ലവം അരങ്ങേറുകയാണ്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ആഗസ്റ്റിലാണ് രണ്ട് സീനിയർ പുരുഷ താരങ്ങൾക്ക് കൂടി പൗരത്വം അനുവദിച്ച് ദേശീയ ടീമിന്റെ ഭാഗമാക്കിയത്. പുരുഷ ടീമിനെ ശക്തിപ്പെടുത്തുന്നതിനൊപ്പം വനിതാ ടീമിലും ഈ സമൂലമാറ്റം അരങ്ങേറുന്നുണ്ട്.

സ്വപ്നം ലോകകപ്പ് യോഗ്യത

പാട്രിക് ൈക്ലവെർട്ടിനു കീഴിൽ ​ഡച്ച് കളിമികവിൽ മുങ്ങിയ ഇന്തോനേഷ്യ ഏഷ്യൻടീമുകൾക്കും ഇന്ന് പേടി സ്വപ്നമാണ്. യുറോപ്പിലെ വിവിധ ക്ലബുകൾക്ക് കളിക്കുന്ന താരങ്ങൾ, മികച്ച പരിശീലകനു കീഴിൽ ഒന്നിക്കുന്നതോടെ കാത്തിരിക്കുന്നത് ഫുട്ബാളിലെ മറ്റൊരു ഏഷ്യൻ വിപ്ലവം. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഒക്ടോബർ എട്ടിന് സൗദി അറേബ്യക്കും, 11ന് ഇറാഖിനും എതിരെയാണ് ഇന്തോനേഷ്യ ഇറങ്ങുന്നത്. ഈ രണ്ട് കളിയുടെ ഫലം അനുകൂലമായാൽ കാൽപന്തിൽ പിറക്കുന്നത് പുതു ചരിത്രമാവും. ഇനി മികച്ച പ്രകടവുമായി കൈയടി നേടിയാൽ ​ഇന്റർകോണ്ടിനെന്റൽ ​േപ്ല ഓഫ് എന്ന സാധ്യതയുമുണ്ട് മുന്നിൽ.

ശക്തമായ ടീമാണ് തങ്ങളുടേതെന്നും, ​ഏറ്റവും മികച്ച പ്രകടനവുമായി മുന്നേറുകയെന്ന ലക്ഷ്യമായാണ് ഇറങ്ങുന്നതെന്നും ൈക്ലവെർട്ട് പറയുന്നു. ‘ദൈവാനുഗ്രമുണ്ടെങ്കിൽ രാജ്യത്തിന്റെ അഭിമാന സംഘമായി മാറാൻ ഞങ്ങൾ തയാറായി കഴിഞ്ഞു’ -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indonesiaNetherlandsFIFA World CupFootball NewsWorld Cup 2026
News Summary - Indonesia go Dutch in pursuit of World Cup dreams
Next Story