കപ്പിലേക്ക് അടിച്ചുകേറാനുറച്ച് മഞ്ഞപ്പട
text_fieldsഅഡ്രിയാൻ ലൂണ
കൊച്ചി: കഴിഞ്ഞതെല്ലാം കഴിഞ്ഞു, ഇനിയെഴുതണം പുതിയ ചരിത്രം. അതെ, മലയാളികളുടെ സ്വന്തം മഞ്ഞപ്പടയായ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുകയാണ് എന്തു വന്നാലും ഇത്തവണത്തെ ഐ.എസ്.എൽ കിരീടം സ്വന്തമാക്കാൻ. മൂന്നുതവണ ഫൈനലിലെത്തി കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട വിജയത്തിന്റെ മധുരം ഇനിയുമൊരിക്കൽകൂടി നഷ്ടപ്പെടാതിരിക്കാൻ ഏതറ്റം വരെയും പോവാനുറച്ചാണ് ടീമിന്റെ തയാറെടുപ്പുകൾ. നിലവിൽ ഡ്യൂറൻഡ് കപ്പിൽ ഗ്രൂപ് സി ചാമ്പ്യന്മാരായി ക്വാർട്ടർ ഫൈനലിലെത്തിയതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ക്ലബും കളിക്കാരും ആരാധകരുമെല്ലാം.
ഐ.എസ്.എല്ലിലെ നിരാശാജനകമായ തോൽവിയിൽ തകർന്നിരിക്കാതെ നിരന്തര പരിശീലനത്തിലൂടെ മികവിലേക്കുയർന്നതിന്റെ തെളിവാണ് ഡ്യൂറൻഡ് കപ്പിലുടനീളം ക്ലബിന്റെ പ്രകടനം വ്യക്തമാക്കുന്നത്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിക്കെതിരെ 8-0 തകർപ്പൻ ജയത്തോടെയായിരുന്നു തുടക്കം. രണ്ടാം മാച്ചിൽ പഞ്ചാബ് എഫ്.സിക്കെതിരെ സമനില വഴങ്ങിയെങ്കിലും നിർണായകമായ അടുത്ത മത്സരത്തിൽ സി.ഐ.എസ്.എഫിനെ 7-0ന് നിലംപരിശാക്കിയും മികവ് തുടർന്നു. മൂന്ന് മത്സരങ്ങളില്‍നിന്ന് 16 ഗോളുകള്‍ അടിച്ചുകൂട്ടി ഒരു ഗോള്‍ മാത്രം വഴങ്ങിയാണ് ടീം ഗ്രൂപ് ചാമ്പ്യന്മാരായത്. എന്നാൽ, ഇതൊന്നും പോരാ, ഇനിയുമിനിയും കളിമികവും കഠിനാധ്വാനവും വർധിപ്പിക്കുകയും പുതുതന്ത്രങ്ങൾ മെനയുകയും ചെയ്യേണ്ടതുണ്ടെന്നാണ് ആരാധകരുടെ പക്ഷം.
കഴിഞ്ഞ സീസണിലെ തോൽവിക്കു പിന്നാലെ പലരും ക്ലബ് വിട്ടപ്പോഴും ആത്മവിശ്വാസത്തോടെ സഹതാരങ്ങൾക്ക് പ്രചോദനം പകർന്ന് ടീമിൽ തുടർന്ന നായകൻ അഡ്രിയാൻ ലൂണതന്നെയാണ് അന്നുമിന്നും മഞ്ഞപ്പടയുടെ സ്റ്റാർ പ്ലെയർ. ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശതാരം കൂടിയായ ലൂണ കഴിഞ്ഞ മൂന്നു സീസണുകളിലും പ്രധാന താരമായിരുന്നു. ബ്ലാസ്റ്റേഴ്സിനെ സൂപ്പർ ലീഗിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുമെന്ന ആത്മവിശ്വാസം കരാർ നീട്ടിയ വേളയിൽ ക്ലബ് അധികൃതർ പങ്കുവെച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി ഐ.എസ്.എൽ കിരീടമുയർത്തുന്ന ആദ്യ ക്യാപ്റ്റനാവുകയെന്നതാണ് തന്റെ ആഗ്രഹമെന്ന് അഡ്രിയാൻ ലൂണ കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരുന്നു. ആരാധകരിൽനിന്നുള്ള സ്നേഹം താനനുഭവിക്കുന്നുണ്ട്, ആ സ്നേഹം തനിക്ക് ക്ലബിനോടും ആരാധകരോടുമുണ്ട്. ഒരു വിജയകിരീടം സ്വന്തമാക്കി മാത്രമേ ആരാധകരോടുള്ള സ്നേഹം തിരിച്ചുനൽകാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലൂണയെ കൂടാതെ കഴിഞ്ഞ സീസണിലെ ടീമിലുണ്ടായിരുന്ന കുറച്ചുപേർ മാത്രമാണ് ഇന്നും ബ്ലാസ്റ്റേഴ്സിൽ തുടരുന്നത്. മലയാളികൂടിയായ കെ.പി. രാഹുൽ, പ്രതിരോധനിര താരങ്ങളായ സന്ദീപ് സിങ്, ഹോർമിപാം റുയിവ തുടങ്ങിയവരാണിവർ. ആശാൻ എന്ന് ആരാധകർ സ്നേഹത്തോടെ വിളിച്ചിരുന്ന ഇവാൻ വുകോമനോവിച്ചിന് പകരം സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയാണ് നിലവിൽ ടീമിന്റെ മുഖ്യപരിശീലകൻ.
ടീമിന്റെ ഘടനയും പരിശീലനരീതിയും പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി പ്രതിഭ തെളിയിച്ച നിരവധി യുവതാരങ്ങളെ ടീമിലെടുത്തിരുന്നു. നേരത്തേ എഫ്.സി ഗോവയിലായിരുന്ന മൊറോക്കൻ താരം നോഹ സദോയ്, ഐസ്വാൾ എഫ്.സിയിൽനിന്നുള്ള ആർ. ലാൽതൻമാവി തുടങ്ങിയവരാണ് പുതുതായി വന്നത്. നോഹയുടെ ഉൾപ്പെടെ ടീം സെലക്ഷൻ തെറ്റിയില്ലെന്ന് തെളിയിക്കുന്നതാണ് താരത്തിന്റെ ഡ്യൂറൻറ് കപ്പ് പ്രകടനം. ആദ്യത്തെയും മൂന്നാമത്തെയും മത്സരങ്ങളിൽ ഹാട്രിക് നേട്ടമാണ് നോഹ കാഴ്ചവെച്ചത്. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ പരിക്കേറ്റ് പുറത്തായ ക്വാമി പെപ്രയും ഗംഭീര തിരിച്ചുവരവാണ് ഡ്യൂറൻഡ് കപ്പിലൂടെ നടത്തിയത്.

