മല്ലു അന്നാബി: ലോകകപ്പിലേക്ക് തഹ്സിന്റെ ചരിത്രപ്രവേശം
text_fieldsദോഹ: ഇന്ത്യയുടെ ലോകകപ്പ് യോഗ്യത വിദൂര സ്വപ്നമായി തുടരവെ ഖത്തറിൽ ജനിച്ചു വളർന്ന കണ്ണൂർക്കാരൻ മുഹമ്മദ് തഹ്സിൻ ലോകകപ്പ് വേദിയിലേക്ക് ചരിത്രപ്രവേശം നടത്തുന്നു. ഖത്തറിലെ യൂത്ത് ടീമുകളിലും ക്ലബ് ഫുട്ബാളിലെയും ശ്രദ്ധേയമായ പ്രകടനമാണ് ദേശീയ ടീമിലേക്ക് വഴിതുറന്നത്. ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ആഴ്ച അയർലൻഡിനെതിരെ നടന്ന സന്നാഹ മത്സരത്തിൽ താരം ഖത്തറിനായി ബൂട്ടണിഞ്ഞിരുന്നു. ഇടതുവിങ്ങിൽ എതിരാളികളെ കബളിപ്പിച്ച് മിന്നൽ വേഗവുമായി കുതിക്കുന്ന തഹ്സിൻ ഖത്തറിന്റെ ഗെയിം പ്ലാനിങ്ങിൽ പ്രധാനമാണ്. 19 വയസ് മാത്രം പ്രായമുള്ളപ്പോൾ തന്നെ ലോകകപ്പ് ടീമിലേക്ക് വിളിയെത്തിയത് തഹ്സിന്റെ കളിമികവിനുള്ള അംഗീകാരമാണ്. മികച്ച ഫിറ്റ്നസും ഫോമും നിലനിർത്തുന്ന താരം അമേരിക്ക-കാനഡ-മെക്സികോ ലോകകപ്പിൽ അന്നാബി ജഴ്സിയിൽ ഇറങ്ങുമ്പോൾ അത് ചരിത്രമാവും. ഒരു മലയാളി ആദ്യമായി ലോകകപ്പ് ഫുട്ബാൾ വേദിയിലെന്ന സ്വപ്നതുല്യമായ നിമിഷം.
ആസ്പയറിൽനിന്ന് വിശ്വവേദിയിലേക്ക്
ലോകോത്തര താരങ്ങളെ വാർത്തെടുക്കുന്ന ഖത്തറിന്റെ അഭിമാനമായ ആസ്പയർ അക്കാദമിയിലെ പുൽമൈതാനങ്ങളിൽ പന്തുതട്ടിപ്പഠിച്ച തഹ്സിൻ, അസാധാരണമായ പ്രതിഭയും കഠിനാധ്വാനവും കൈമുതലാക്കിയാണ് ലോകകപ്പ് ദേശീയ ടീമിൽ വരെ എത്തിനിൽക്കുന്നത്. 2021ൽ ദേശീയ അണ്ടർ 16 ടീമിൽ ഇടം പിടിച്ചാണ് താരം ശ്രദ്ധേയനായത്. പിന്നീട് വളർച്ചയുടെ പടവുകൾ വളരെ വേഗത്തിലായിരുന്നു. തകർപ്പൻ ഫോം തുടർന്ന താരം അണ്ടർ 17, അണ്ടർ 19 ദേശീയ ടീമുകളിലും സാന്നിധ്യം ഉറപ്പിച്ചു.
ഖത്തർ സ്റ്റാർസ് ലീഗിൽ വമ്പന്മാരും പ്രമുഖ താരങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ അൽ ദുഹൈൽ ക്ലബിൽ ഇടംനേടിയത് തഹ്സിന്റെ കരിയറിലെ വഴിത്തിരിവായി. 2024 മാർച്ചിലായിരുന്നു അൽ ദുഹൈലിന്റെ ജഴ്സിയിൽ ക്യു.എസ്.എല്ലിൽ അരങ്ങേറ്റം നടത്തിയത്. ഇറ്റലിയുടെ ലോകോത്തര താരം മാർക്കോ വെരാട്ടി, ഫ്രഞ്ച് താരം ഇബ്രാഹിമ ബംബ, ഖത്തർ സൂപ്പർ താരങ്ങളായ അൽ മുഈസ് അലി, ആസിം മദിബോ എന്നിവർക്കൊപ്പം അൽ ദുഹൈലിന്റെ ജേഴ്സിയിൽ കളത്തിലിറങ്ങാൻ കഴിഞ്ഞത് തഹ്സിന്റെ കരിയറിലെ നേട്ടമായി. ക്ലബ് തലത്തിലെ മികച്ച പ്രകടനം വൈകാതെ ഖത്തർ ദേശീയ ടീമിലെത്തിച്ചു. 2024 ജൂണിൽ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലൂടെ ദേശീയ ടീമിലും അരങ്ങേറ്റം നടത്തി. തുടർന്നുള്ള വിവിധ മത്സരങ്ങളിൽ ടീമിന്റെ ഭാഗമായി. ഇതിനിടെ, കഴിഞ്ഞവർഷം വർഷം ഫെബ്രുവരിയിൽ ചൈനയിൽ നടന്ന അണ്ടർ 20 ഏഷ്യൻ കപ്പിൽ ഖത്തറിനായി മൂന്നു മത്സരങ്ങളിലും ബൂട്ടണിഞ്ഞ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞ ആഗസ്റ്റിൽ ലെബനാനെതിരായ സൗഹൃദ മത്സരത്തിൽ ഖത്തർ സീനിയർ ടീമിനായും കളിച്ചു.
ഫുട്ബാൾ പാരമ്പര്യം
മുൻ കേരള താരം പിതാവ് ജംഷിദിന്റെ പാരമ്പര്യമാണ് തഹ്സിന്റെയും കരുത്ത്. 1992ൽ അഖിലേന്ത്യ കിരീടം ചൂടിയ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീം അംഗവും ജോപോൾ അഞ്ചേരിക്കൊപ്പം കേരള യൂത്ത് ടീമിൽ കളിച്ച് ഇന്ത്യൻ ക്യാമ്പ് വരെയുമെത്തിയിരുന്നു തലശ്ശേരിക്കാരനായ ജംഷിദ്. 1985ൽ കേരളത്തിന്റെ സബ്ജൂനിയർ ടീമിലും ശേഷം ജൂനിയർ-യൂത്ത് ടീമുകളിലും കളിച്ചും നാലു വർഷം കാലിക്കറ്റ് സർവകലാശാല ടീമിന്റെ താരമായും തിളങ്ങിയ ജംഷിദിനെ പരിക്കാണ് കളത്തിൽനിന്ന് അകറ്റിയത്. തുടർന്ന്, 23ാം വയസ്സിൽ പ്രവാസം വരിച്ച് ഖത്തറിലെത്തിയെങ്കിലും ഫുട്ബാളിലെ പ്രിയം വിട്ടില്ല. അൽ ഫൈസൽ ഹോൾഡിങ്ങിൽ ജീവനക്കാരനായിരിക്കെ ഒഴിവുദിനങ്ങളിൽ കളിക്കളത്തിലേക്കുള്ള യാത്രയിൽ മക്കളായ മിഷാലിനെയും തഹ്സിനെയും ഒപ്പം കൂട്ടുമായിരുന്നു. ആ ആവേശമാണ് ഇളയ മകൻ തഹ്സിനെ ലോകകപ്പ് ടീം വരെ എത്തിച്ചത്. അൽ ഫൈസൽ ഹോൾഡിങ്സിന് കീഴിൽ തന്നെയുള്ള ശൈഖ് ഫൈസൽ ബിൻ ഖാസിം സ്പോർട്സ് അക്കാദമിയിലാണ് തഹ്സിൻ പരിശീലനം ആരംഭിച്ചത്. തുടർന്ന് ദുഹൈൽ എഫ്.സിയിലെത്തി. ശേഷം ഖത്തറിന്റെ ലോകോത്തര കായിക പരിശീലന കേന്ദ്രമായ ‘ആസ്പയർ അക്കാദമി’യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് തഹ്സിന്റെ ഫുട്ബാൾ കരിയറിൽ നിർണായക വഴിത്തിരിവുണ്ടായത്. കണ്ണൂർ വളപട്ടണം സ്വദേശിനി ഷൈമയാണ് തഹ്സിന്റെ മാതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

