കിരീടം ചൂടിയ ഇന്ത്യയുടെ പ്രവാസി കരുത്ത്
text_fieldsഇന്തോനേഷ്യയില്‍ നടന്ന ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത തിരുവനന്തപുരം സ്വദേശി ഷാജി പാപ്പന്, മലപ്പുറം സ്വദേശി സാദിക്ക് കുന്നുംപുറം എന്നിവര്‍
ജക്കാര്‍ത്തയില്‍ നടന്ന ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ റണ്ണേഴ്സ് അപ്പായ ഇന്ത്യന്‍ മാസ്റ്റേഴ്സ് കേരള എഫ്.സിക്ക് വേണ്ടി പോരിനിറങ്ങിയവരില്‍ യു.എ.ഇയില്‍ നിന്നുള്ള മലയാളി യുവാക്കളും. റാസല്‍ഖൈമയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം, മലപ്പുറം സ്വദേശികളായ ഷാജി പാപ്പന്, സാദിക്ക് കുന്നുംപുറം എന്നിവരാണ് ഇന്തോനേഷ്യയില്‍ ഏഴ് രാജ്യങ്ങള്‍ തമ്മില്‍ മാറ്റുരച്ച കാല്പന്തുകളിയില് ഇന്ത്യന്‍ മാസ്റ്റേഴ്സ് കേരള എഫ്.സിക്ക് വേണ്ടി ജഴ്സിയണിഞ്ഞവര്‍. ആവേശകരമായ മല്‍സരങ്ങളായിരുന്നു ഇന്തോനേഷ്യയിലേതെന്ന് ഇരുവരും പറയുന്നു. ലീഗ് അടിസ്ഥാനത്തിലായിരുന്നു മല്‍സരം.
സ്കൂള്‍ പഠന കാലത്ത് തുടങ്ങിയതാണ് ഫുട്ബാള്‍ കമ്പം. നാട് വിട്ട് യു.എ.ഇയില്‍ പ്രവാസ ജീവിതം തുടര്‍ന്നപ്പോഴും ഫുട്ബാള്‍ പ്രേമം കൈയൊഴിച്ചില്ല. നാട്ടിലെ പോലെ ഇവിടെയും ഫുട്ബാള്‍ മല്‍സരങ്ങള്‍ക്കും പരിശീലനത്തിനും അവസരങ്ങള്‍ ലഭിക്കുന്നത് ലോക ടൂര്‍ണമെന്റുകളില്‍ അവസരം ലഭിക്കാന്‍ സഹായമാകുന്നതായും സാദിക്ക് അഭിപ്രായപ്പെട്ടു. മൂന്ന് ജയവും മൂന്ന് സമനിലയും പിടിച്ച് 12 പോയന്റ് നേടിയാണ് ഇന്ത്യന്‍ മാസ്റ്റേഴ്സ് കേരള എഫ്.സി ടീം രണ്ടാമതെത്തിയത്. മുന്‍ എഫ്.സി കൊച്ചി താരം ആഷിക് റഹ്മാന് ക്യാപ്റ്റനായ ടീമില്‍ സജിത്ത്, സുനില്‍കുമാര്‍, വിനോദ്, ജ്യോതിഷ്, ഫാറൂഖ് അസീസ്, കമലേഷ്, അക്ബര്‍, സമദ് അസ്മ, സലീം, ഷാനവാസ്, ഷുക്കൂര്‍, ഷാജി ആലങ്ങാടന്‍, മുസ്തഫ പൂക്കുത്ത്, ഷിബു വാടാനംകൂര്, നൗഷാദ് പ്യാരി തുടങ്ങി വിവിധ ജില്ലകളില്‍ നിന്നുള്ള താരങ്ങളും പങ്കെടുത്തു.
ഇന്തോനേഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ റണ്ണേഴ്സ് അപ്പായ ഇന്ത്യന്‍ മാസ്റ്റേഴ്സ് കേരള എഫ്.സി ടീം
16 വര്‍ഷമായി യു.എ.ഇയിലുള്ള ഷാജി പാപ്പന് ഗള്‍ഫ് ഹൈപ്പര്‍ മാര്‍ക്കറ്റ് എഫ്.സി, അമാനത്ത് എഫ്.സി, ഫ്രണ്ട്ഷിപ്പ് എഫ്.സി, സൈക്കൈാ ദുബൈ എഫ്.സി, ഫിഫ മഞ്ചേരി ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. തായ്ലാന്റ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നടന്ന മല്‍സരങ്ങളിലും പങ്കെടുത്തിട്ടുള്ള ഷാജി പാപ്പന് ജര്‍മിന-വിന്‍സെന്റ് ദമ്പതികളുടെ മകനാണ്. ഭാര്യ: സുനിത. സുജി, സൂര്യ എന്നിവര്‍ മക്കളാണ്. 22 വര്‍ഷമായി യു.എ.ഇയിലുള്ള സാദിക്ക് കുന്നുംപുറം റാക് അല്‍ഹൈല്‍ എഫ്.സി മാനേജറാണ്. മജസ്റ്റിക് എഫ്.സി, അല്‍ജസീറ എഫ്.സി, റാക് എഫ്.സി തുടങ്ങി വിവിധ ക്ളബുകള്‍ക്കായി കളിച്ചിട്ടുള്ള സാദിക്ക് കഴിഞ്ഞ വര്‍ഷം അമിഗോസ് എഫ്.സി വെട്രന്‍സ് ടൂര്‍ണമെന്റില്‍ ബെസ്റ്റ് പ്ലയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുഹമ്മദ് മുസ്ലിയാര്-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: റുബീന. മകന്: മഫാസ് മാലിക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

