ഇന്ത്യൻ ഫുട്ബാൾ ലീഗ്; ഗോകുലം കേരളക്ക് ജയം
text_fieldsമഞ്ചേരി: ക്യാപ്റ്റൻ മുന്നിൽ നിന്ന് നയിച്ചു, ഇന്ത്യൻ ഫുട്ബാൾ ലീഗിൽ ഐസ്വാൾ എഫ്.സിക്കെതിരെ ഗോകുലം കേരളക്ക് തകർപ്പൻ ജയം. സ്വന്തം തട്ടകമായ പയ്യനാട് സ്റ്റേഡിയത്തിൽ 4-2നാണ് എതിരാളികളെ തകർത്തത്. ക്യാപ്റ്റൻ രാഹുൽ രാജു (2, 97), ത്രിജോയ് (4), താബിസോ (32) എന്നിവർ ഗോകുലത്തിനായി വല കുലുക്കി. മാൽ സംസു ആലാ (88), സോമുആങ്സാങ്ക (89) എന്നിവർ ഐസ്വാളിനായി ഗോളുകൾ നേടി. ലീഗ് ഘട്ടത്തിലെ ആദ്യ ഫിക്സ്ചറിലെ അവസാന ഹോം മത്സരമായിരുന്നു പയ്യനാട്ട് നടന്നത്. ഐസ്വാളിനെതിരെ നേടിയ വിജയത്തോടെ ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് വീതം വിജയവും തോൽവിയും സമനിലയുമായി എട്ട് പോയന്റുമായി ആറാം സ്ഥത്തേക്കെത്താൻ ടീമിനായി.
ആക്രമണങ്ങൾ നടത്തി തുടങ്ങിയ ഗോകുലത്തിന് വേണ്ടി രണ്ടാം മിനിറ്റിൽ ക്യാപ്റ്റൻ രാഹുൽ രാജുവാണ് ആദ്യ ഗോൾ നേടിയത്. അസിസ്റ്റ് നൽകിയത് ത്രിജോയ്. നാലാം മിനിറ്റിൽ രാഹുൽ നൽകിയ പന്ത് ത്രിജോയ് തന്നെ ഗോൾ ആക്കി ടീമിനെ വീണ്ടും മുന്നിലെത്തിച്ചു. ഐസ്വാളിനെ തീർത്തും നിഷ് പ്രഭരാക്കിയ ഗോകുലത്തിന്റെ മികച്ച ആക്രമണമാണ് ആദ്യ പകുതിയിൽ കണ്ടത്. 32 ാം മിനിറ്റിൽ വിദേശ താരം ബ്രൗൺ മോസസ് നൽകിയ പന്ത് ഹെഡ് ചെയ്ത് താബി സോ സ്കോർ 3-0 ആക്കി. പ്രതിരോധത്തിൽ വിദേശ താരം ബൗബയും സഹതാരങ്ങൾ നടത്തിയ പ്രകടനം ആദ്യ പകുതിയിൽ ഗോകുലത്തിന്റെ വല കുലുങ്ങിയില്ല.
രണ്ടാം പകുതിയിൽ ഗോൾ അടിച്ചുകൂട്ടാൻ അവസരങ്ങളേറെ കിട്ടിയെങ്കിലും ഗോകുലത്തിന് ലക്ഷ്യം കണ്ടെത്താനായില്ല. 88, 89 മിനിറ്റുകളിൽ മാൽസംസുആലായും സോമുആങ്സാങ്കയും ഐസ്വാളിന് വേണ്ടി ഗോളുകൾ നേടി. ഗോൾ കീപ്പർക്ക് ബോൾ ജഡ്ജ് ചെയ്യുന്നതിൽ വന്ന പിഴവാണ് ആദ്യ ഗോളിന് വഴിവെച്ചതെങ്കിലും രണ്ടാം ഗോൾ ഡിഫെൻഡേഴ്സിന് വന്ന പിഴവാണ്. അവസാന മിനിറ്റുകളിൽ കണ്ടത്തിയ ഗോളുകൾ ഗോകുലത്തെ പരിഭ്രാന്തരാക്കിയെങ്കിലും രാഹുൽ രാജു (90+7 ) തന്റെ രണ്ടാമത്തെയും ടീമിന്റെ നാലാമത്തെയും ഗോൾ നേടി. ലീഗിൽ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ ഗോകുലത്തിന് എവേ ആണ്. ഏപ്രിൽ ഏഴിന് ടീം രാജസ്ഥാൻ എഫ്.സിയെ നേരിടും. ശേഷമുള്ള സ്ഥാനം അനുസരിച്ചാവും സൂപ്പർ സിക്സിൽ ടീം കളിക്കുക. അതിനാൽ അടുത്ത മൂന്ന് മത്സരങ്ങളും ടീമിന് നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

