ഇന്ത്യ-തായ്ലൻഡ് സൗഹൃദ മത്സരം ഇന്ന്
text_fieldsപാത്തുംതാനി (തായ്ലൻഡ്): എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ബുധനാഴ്ച സന്നാഹ മത്സരം. തായ്ലൻഡിനെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരം തമ്മാസാത് സ്റ്റേഡിയത്തിൽ നടക്കും. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 127ഉം തായ്ലൻഡ് 99ഉം സ്ഥാനങ്ങളിലാണിപ്പോൾ. അവസാനമായി രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു വിജയം. മനോലോ മാർക്വേസ് പരിശീലിപ്പിക്കുന്ന സംഘത്തിന് ജൂൺ 10ന് ഏഷ്യൻ കപ്പ് യോഗ്യത മൂന്നാം റൗണ്ടിൽ ഹോങ്കോങ്ങിന് നേരിടേണ്ടതുണ്ട്.
ദക്ഷിണേഷ്യക്ക് പുറത്ത് ഇന്ത്യക്ക് പരിചിതരായ എതിരാളികളാണ് തായ്ലൻഡ്. 2019ലാണ് ഇരു ടീമും ഒടുവിലായി മുഖാമുഖം വന്നത്. ആ വർഷം രണ്ടു മത്സരങ്ങൾ നടന്നപ്പോൾ രണ്ടിലും ഇന്ത്യക്കായിരുന്നു ജയം. അന്ന് സംഘത്തിലുണ്ടായിരുന്ന ക്യാപ്റ്റൻ സുനിൽ ഛേത്രി, അമരീന്ദർ സിങ്, വിശാൽ കൈത്, സന്ദേശ് ജിങ്കാൻ, സുഭാഷിഷ് ബോസ്, ആഷിഖ് കുരുണിയൻ, ഉദാന്ത സിങ് എന്നിവർ ഈ ടീമലുമുണ്ട്. ഇന്ത്യൻ സമയം വൈകീട്ട് ആറിനാണ് കളി.

