ആരാധകർക്ക് ഡബ്ൾ ധമാക്ക! ബ്രസീലിനു പിന്നാലെ വൊസീഞ്ഞയുടെ കേപ് വെർഡെയും ഇന്ത്യയിലേക്ക്? ഒക്ടോബറിൽ സൗഹൃദ മത്സരം
text_fieldsന്യൂഡൽഹി: ഫുട്ബാൾ ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി! മുൻ ലോക ചാമ്പ്യന്മാരായ ബ്രസീലിനു പിന്നാലെ ലോകകപ്പിലെ കറുത്ത കുതിരകളായ കേപ് വെർഡെയും ഇന്ത്യയിലേക്ക് വരുന്നു.
ഒക്ടോബറിൽ ഇന്ത്യയുമായി സൗഹൃദ മത്സരം കളിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) കേപ് വെർഡെയെ ഔദ്യോഗികമായി ക്ഷണിച്ചതായാണ് വിവരം. ഓക്ടോബർ മൂന്നിന് കൊൽക്കത്തയിലാണ് ബ്രസീലുമായുള്ള സൗഹൃദ മത്സരം തീരുമാനിച്ചിരിക്കുന്നത്. ഇതിനു തൊട്ടുമുമ്പോ ശേഷമോ മത്സരം സംഘടിപ്പിക്കാനാണ് നീക്കം. “ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. എങ്കിലും സെപ്റ്റംബർ 30നും ഒക്ടോബർ ആറിനും ഇടയിൽ കേപ് വെർഡെ ഇന്ത്യയിൽ സൗഹൃദ മത്സരം കളിക്കാനുള്ള സാധ്യതയുണ്ട്” -എ.ഐ.എഫ്.എഫുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വാർത്ത ഏജൻസി പി.ടി.ഐയോട് വെളിപ്പെടുത്തി.
ഔദ്യോഗികമായി അന്തിമ തീരുമാനമായതിനുശേഷമേ വേദിയും തീയതിയും തീരുമാനിക്കൂ. ചർച്ചകളും നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. ഉടൻ തന്നെ അന്തിമ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബന്ധപ്പെട്ടവർ പറയുന്നു. നിലവിൽ ലോക റാങ്കിങ്ങിൽ 64-ാം സ്ഥാനത്താണ് കേപ് വെർഡെ. ലോകകപ്പിൽ സ്പെയിൻ, യുറുഗ്വായ്, സൗദി അറേബ്യ എന്നിവരടങ്ങിയ ഗ്രൂപ്പിൽനിന്ന് മുന്നേറിയ ‘ബ്ലൂ ഷാർക്ക്സ്’ നോക്കൗട്ട് ഘട്ടത്തിൽ മുൻ ചാമ്പ്യന്മാരായ അർജന്‍റീനയെ വിറപ്പിച്ചാണ് കീഴടങ്ങിയത്. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് അർജന്റീനയോട് തോറ്റത്. ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ കേപ് വെർഡെ ഗോൾകീപ്പർ വൊസീഞ്ഞ ഫുട്ബാൾ ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. ടൂർണമെന്റിലെ ചാമ്പ്യന്മാരായ സ്പെയിനിനെ ആദ്യ മത്സരത്തിൽ ഗോൾരഹിത സമനിലയിൽ തളക്കുന്നതിൽ വൊസീഞ്ഞയുടെ പ്രകടനം നിർണായകമായി.
നേരത്തെ, ബ്രസീലിനെതിരായ സൗഹൃദ മത്സരം കളിക്കാനായി ഫിഫ ആസിയാൻ കപ്പിൽനിന്ന് പിന്മാറിയിരുന്നു. ബ്രസീലുമായുള്ള സൗഹൃദമത്സരവും ആസിയാൻ കപ്പ് മത്സരങ്ങളും ഒരേസമയത്ത് വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇൻഡൊനീഷ്യയിൽ നടക്കുന്ന പ്രഥമ ആസിയാൻ കപ്പ് സെപ്റ്റംബർ 21-നും ഒക്ടോബർ ആറിനും ഇടയിലായിരിക്കും നടക്കുക.
ഇൻഡൊനീഷ്യ, മലേഷ്യ, സിങ്കപ്പുർ ടീമുകളുമായാണ് ആസിയാൻ കപ്പിൽ ഇന്ത്യക്ക് ഏറ്റുമുട്ടേണ്ടിയിരുന്നത്. അഞ്ചുവട്ടം ലോക ചാമ്പ്യൻമാരായ ബ്രസീലുമായുള്ള മത്സരം ഇന്ത്യൻതാരങ്ങൾക്ക് ലഭിക്കുന്ന അപൂർവ അവസരമായിരിക്കുമെന്നാണ് ഫെഡറേഷൻ കരുതുന്നത്. അതിനാലാണ് ബ്രസീലുമായുള്ള മത്സരം കളിക്കാനുള്ള തീരുമാനം എ.ഐ.എഫ്.എഫ് എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

