ലോകചാമ്പ്യന്മാരെ നേരിടും മുമ്പ് ഇന്ത്യക്ക് ആദ്യ പരീക്ഷ; പാനമയുമായി സൗഹൃദ മത്സരം ഇന്ന്
text_fieldsഇന്ത്യൻ ഗോൾ കീപ്പർമാർ പരിശീലനത്തിൽ
ബംഗളൂരു: ഒക്ടോബർ ആദ്യ വാരം മുൻ ലോക ചാമ്പ്യന്മാരായ ബ്രസീലിനും ഉറുഗ്വായിക്കുമെതിരെ കളിക്കാനൊരുങ്ങുന്ന ഇന്ത്യക്ക് വെള്ളിയാഴ്ച ആദ്യ പരീക്ഷ. മധ്യ അമേരിക്കൻ കരുത്തരായ പാനമയെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഖാലിദ് ജമീൽ സംഘം നേരിടും. 2026 ലോകകപ്പിൽ കളിച്ച പാനമ ഫിഫ റാങ്കിങ്ങിൽ 44ാം സ്ഥാനത്തുള്ള ടീമാണ്.
സമീപകാലത്ത് മോശംപ്രകടനത്തിലൂടെ കിതച്ചുകൊണ്ടിരിക്കുന്ന ബ്ലൂ ടൈഗേഴ്സിന് ഭാവിയിലേക്ക് തുറന്നുവെക്കുന്ന കണ്ണാടിയായിരിക്കും ഈ പോരാട്ടം. ഏഷ്യൻ തലത്തിൽ പോലും വലിയ മുന്നേറ്റം നടത്താനാകാതെയും ആഭ്യന്തര ലീഗ് ഘടനയിലെ പ്രതിസന്ധികൾ കാരണവും പ്രയാസപ്പെടുകയാണ്
ഇന്ത്യൻ ഫുട്ബാൾ. രാജ്യത്തെ ഫുട്ബാളിന്റെ നിലവാരം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാനും കളിക്കാർക്ക് ആത്മവിശ്വാസം വീണ്ടെടുക്കാനും ഈ മൂന്ന് മത്സരങ്ങൾ സഹായിച്ചേക്കും. നാല് മലയാളികൾ ഇന്ത്യൻ നിരയിലുണ്ട്. മധ്യനിരയിലെ സഹൽ അബ്ദുൽ സമദ്, അഷിഖ് കുരുണിയൻ, മുഹമ്മദ് സനാൻ, പ്രതിരോധത്തിലെ ബിജോയ് വർഗീസ് എന്നിവർ.
അൻവർ അലി, അനിരുദ്ധ് ഥാപ്പ, മൻവീർ സിങ്, റഹീം അലി തുടങ്ങിയ പരിചയ സമ്പന്നരും ടീമിലുണ്ട്. ആസ്ട്രേലിയയിൽനിന്നെത്തിയ റയാൻ വില്യംസ് മുന്നേറ്റത്തിൽ കരുത്ത് പകരും. പ്രതിരോധത്തിൽ ഉറച്ചുനിന്ന ശേഷം പെട്ടെന്ന് കൗണ്ടർ അറ്റാക്ക് നടത്തുന്നതാണ് പാനമ ശൈലി. ഇതിനെതിരെ ഇന്ത്യക്ക് മികച്ച തന്ത്രങ്ങൾ പുറത്തെടുക്കേണ്ടിവരും.
ഇക്കുറി ലോകകപ്പിനിറങ്ങിയ 14 താരങ്ങൾ പാനമ സ്ക്വാഡിലുണ്ട്. യു.എസിലെയും മെക്സികോയിലെയും തുർക്കിയയിലെയും പ്രമുഖ ലീഗുകളിൽ കളിക്കുന്നവരാണ് മിക്കവരും.
ഡിഫൻഡർമാരായ അമീർ മുറില്ലോ, ആൻഡ്രെസ് ആൻഡ്രാഡെ, ജോസ് കോർഡോബ, സെസാർ ബ്ലാക്മാൻ, മിഡ്ഫീൽഡർമാരായ കാർലോസ് ഹാർവി, ജോസ് ലൂയിസ് റോഡ്രിഗസ്, സ്ട്രൈക്കർ ജോസ് ഫെജാർഡോ, ഗോൾ കീപ്പർ ഒർലാൻ തുടങ്ങിയവരാണ് കൂട്ടത്തിലെ പ്രമുഖർ. ആറ് പുതുമുഖങ്ങളെയും സ്ക്വാഡിലുൾപ്പെടുത്തിയിട്ടുണ്ട് പരിശീലകൻ തോമസ് ക്രിസ്റ്റ്യൻസൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

