അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത: യു.എ.ഇയോടും തോറ്റ് ഇന്ത്യക്ക് മടക്കം
text_fieldsഡാലിയൻ (ചൈന): അണ്ടർ 23 എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ തുടർച്ചയായ രണ്ടാം തോൽവിയുമായി ഇന്ത്യ പുറത്ത്. ഗ്രൂപ് ജിയിൽ യു.എ.ഇക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് പരാജയപ്പെട്ടത്. മുഹമ്മദ് അബ്ബാസ് അൽബലൂഷി (26), സുൽത്താൻ ആദിൽ അൽഅമീരി (33), ഈസ ഖൽഫാൻ (64) എന്നിവർ വിജയികൾക്കായി സ്കോർ ചെയ്തു.
ഇന്ത്യക്ക് വേണ്ടി മലയാളി താരങ്ങളായ അബ്ദുൽ റബീഹും കെ. സൗരവും പകരക്കാരായി കളത്തിലിറങ്ങി. ആദ്യ കളിയിൽ ചൈനയോട് 1-2നും തോറ്റ ഇന്ത്യ ഇതോടെ പോയന്റ് പട്ടികയിൽ അക്കൗണ്ട് തുറക്കാതെ മൂന്നാം സ്ഥാനക്കാരായി. നാല് പോയന്റുമായി യു.എ.ഇ യോഗ്യത നേടി. ചൈനക്കും നാല് പോയന്റുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ രണ്ടാമതാണ്.

