അൻവർ അലിയല്ല, രാജ്യമാണ് ഗോൾ വഴങ്ങിയത് -ഛേത്രി
text_fieldsബംഗളൂരു: അൻവർ അലിയല്ല, രാജ്യമാണ് ഗോൾ വഴങ്ങിയതെന്ന് ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി. സെൽഫ് ഗോളായിരുന്നു അത്. ഇത് ആർക്കും സംഭവിക്കാം. അതിനെക്കുറിച്ച് സംസാരിക്കാതിരിക്കേണ്ട കാര്യമില്ല. അൻവർ അലിക്ക് എല്ലാ പിന്തുണയും നൽകുന്നതായും ഛേത്രി വ്യക്തമാക്കി.
ഈ വർഷത്തെ അപരാജിത കുതിപ്പ് തുടരാനാണ് ശ്രമമെന്നും ഛേത്രി പറഞ്ഞു. സാഫ് ചാമ്പ്യൻഷിപ്പിൽ അവസാന ഗ്രൂപ് മത്സരത്തിൽ കുവൈത്തിനെതിരെ സമനില വഴങ്ങേണ്ടിവന്നതിൽ നിരാശയുണ്ടെന്നും ക്യാപ്റ്റൻ പറഞ്ഞു.
കുവൈത്തിനെതിരായ മത്സരത്തിൽ, ഛേത്രിയുടെ 92ാം അന്താരാഷ്ട്ര ഗോളിലൂടെ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ഇന്ത്യ ലീഡ് നേടിയിരുന്നു. രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത് അൻവർ അലിയുടെ നിർഭാഗ്യകരമായ സെൽഫ് ഗോൾ സമനിലയിൽ കുരുക്കി. ഇതോടെ ഇന്ത്യക്ക് ഗ്രൂപ് ജേതാക്കളാകാനുള്ള അവസരം നഷ്ടമായി. ഗംഭീരമായി പന്തുതട്ടിയ അൻവർ അലിയെ സെൽഫ് ഗോളടിച്ചിട്ടും കാണികൾ ഹർഷാരവത്തോടെയാണ് മത്സരശേഷം വരവേറ്റത്.
2023ൽ കളിച്ച ഒമ്പതു മത്സരങ്ങളിലും ഇന്ത്യ തോൽവി അറിഞ്ഞിട്ടില്ല. ഹോം ഗ്രൗണ്ടിൽ തോൽവിയറിഞ്ഞിട്ട് നാലു വർഷമായി. 2019 സെപ്റ്റംബറിൽ ഒമാനെതിരെ ഗുവാഹതിയിൽ നടന്ന ഫിഫ ലോകകപ്പ് യോഗ്യതാമത്സരത്തിലായിരുന്നു അവസാന തോൽവി. 92ാം അന്താരാഷ്ട്ര ഗോളിലൂടെ ഛേത്രി പുതിയ നാഴികക്കല്ലും പിന്നിട്ടു. 92 ഗോളുകളിലെ 23 എണ്ണവും സാഫ് ചാമ്പ്യൻഷിപ്പിൽനിന്നാണ്.
ഒമാലിദ്വീപിന്റെ അലി അഷ്ഫാഖും സാഫ് ചാമ്പ്യൻഷിപ്പിൽ 23 ഗോളുകൾ നേടിയിട്ടുണ്ട്. ഗോളുകളല്ല, കിരീടങ്ങളാണ് പ്രധാനമെന്നും ഇന്ത്യൻ നായകൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

