ഇന്ത്യൻ ടീമിൽ മലയാളിത്തള്ള്; ഏഷ്യൻ കപ്പ് യോഗ്യത സാധ്യതാ ടീമിൽ ഏഴ് മലയാളികൾ; ഛേത്രിക്കും ഇടം
text_fieldsഇന്ത്യൻ ഫുട്ബാൾ
ന്യൂഡൽഹി: കാഫ നാഷൻസ് കപ്പിലെ മിന്നും പ്രകടനത്തോടെ ദേശീയ ടീം ജഴ്സിയിൽ അരേങ്ങറ്റം കുറിച്ച ഖാലിദ് ജമീലിനു കീഴിൽ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ഫുട്ബാൾ സാധ്യത ടീമിനെ പ്രഖ്യാപിച്ചു.
ഒക്ടോബർ ഒമ്പതിന് സിംഗപ്പൂരിനെതിരെ നടക്കുന്ന യോഗ്യതാ മത്സരത്തിനുള്ള 30 അംഗ സാധ്യത ടീമിനെയാണ് പ്രഖ്യാപിച്ചത്. മത്സരത്തിനുള്ള തയ്യാറെടുപ്പ് ക്യാമ്പ് സെപ്റ്റംബർ 20ന് ബംഗളൂരുവിൽ ആരംഭിക്കും. അണ്ടർ 23 ഏഷ്യൻ കപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ച ടീമിലെ നാലുപേർ ഉൾപ്പെടെ ഏഴ് മലയാളി താരങ്ങളാണ് ദേശീയ ടീം ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സമീപ പതിറ്റാണ്ടിൽ ദേശീയ ടീമിന്റെ സാധ്യതാ സംഘത്തിലെ ഏറ്റവും വലിയ മലയാളി പങ്കാളിത്തം കൂടിയാണിത്.
വിരമിച്ച ശേഷം, രണ്ടു മാസം മുമ്പ് ടീമിൽ തിരിച്ചെത്തിയ മുതിർന്ന താരം സുനിൽ ഛെത്രിയെ ഉൾപ്പെടുത്തിയാണ് സാധ്യതാ ടീമിനെ തെരഞ്ഞെടുത്തത്. മലയാളി താരങ്ങളായ മുഹമ്മദ് ഉവൈസ്, ആഷിഖ് കുരുണിയൻ, ജിതിൻ എം.എസ്, മുഹമ്മദ് ഐമൻ, വിബിൻ മോഹനൻ, മുഹമ്മദ് സുഹൈൽ, മുഹമ്മദ് സനാൻ എന്നിവർ ടീമിൽ ഇടം നേടി.
ഖത്തറിൽ നടന്ന അണ്ടർ 23 ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയതിന്റെ മികവിലാണ് കേരളത്തിൽ നിന്നുള്ള പുതുമുഖ താരങ്ങൾ സാധ്യതാ ടീമിൽ ഇടം പിടിച്ചത്. മുന്നേറ്റത്തിൽ മുഹമ്മദ് സുഹൈൽ, മുഹമ്മദ് സനാൻ, മധ്യനിരക്കാരൻ വിബിൻ, ഐമൻ എന്നിവരാണ് യൂത്ത് ടീമിൽ നിന്നും വന്നത്.
കാഫ നാഷൻസ് കപ്പിലൂടെ അരങ്ങേറ്റം കുറിച്ച ഉവൈസും, ഒപ്പം കളിച്ച ജിതിനും ആഷിഖുമാണ് മറ്റുള്ളവർ.
അതേസമയം, എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരത്തിരക്കിലായ മോഹൻ ബഗാൻ, എഫ്.സി ഗോവ ക്ലബുകളുടെ താരങ്ങൾ പിന്നീട് ടീമിനൊപ്പം ചേരും. ചാമ്പ്യൻസ് ലീഗ് കാരണം മലയാളി താരം സഹൽ അബ്ദുൽസമദ്, സന്ദേശ് ജിങ്കാൻ എന്നിവരൊന്നും 30 അംഗ പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. മൂന്ന് സീനിയർ താരങ്ങളും രണ്ട് അണ്ടർ 23 താരങ്ങളും ഉൾപ്പെടെ അഞ്ചു പേരെ സ്റ്റാൻഡ്ബൈ ആയി നിലനിർത്തും. ഇവരുടെ പേരുകൾ പിന്നീട് പ്രഖ്യാപിക്കും.
സാധ്യതാ ടീമിൽ നിന്നാവും സിംഗപ്പൂരിനെതിരെ കളിക്കുന്ന അന്തിമ ടീമിനെ തെരഞ്ഞെടുക്കുന്നത്.
30 അംഗ സാധ്യതാ ടീം
ഗോൾകീപ്പർമാർ: അമരിന്ദർ സിങ്, ഗുർപ്രീത് സിങ്, ഗുർമീത് സിങ്.
പ്രതിരോധം: അൻവർ അലി, ഭികാഷ് യുമ്നാം, ചിഗ്ലൻസേന സിങ്, മിങ്താൻമാവിയ റാൽതെ, മുഹമ്മദ് ഉവൈസ്, പ്രംവീർ, രാഹുൽ ഭെകെ, റിക്കി മീട്ടെ, റോഷൻ സിങ് നൗറം.
മധ്യനിര: ആഷിഖ് കുരുണിയൻ, ഡാനിഷ് ഫാറൂഖ്, ജീക്സൺ സിങ്, ജിതിൻ എം.എസ്, എം.എൽ നിക്സൺ, മഹേഷ് സിങ്, മുഹമ്മദ് ഐമൻ, നിഖിൽ പ്രഭു, സുരേഷ് സിങ് വാങ്ജം, വിബിൻ മോഹനൻ.
മുന്നേറ്റ നിര: ഇർഫാൻ യദ്‍വദ്, ലാലിയാൻസുവാല ചാങ്തെ, മൻവീർ സിങ് ജൂനിയർ, മുഹമ്മദ് സനാൻ, മുഹമ്മദ് സുഹൈൽ, പ്രതിബ് ഗൊഗൊയ്, സുനിൽ ഛെത്രി, വിക്രം പ്രതാപ് സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

