ജിങ്കാനും ഛേത്രിയും വലകുലുക്കി; കിർഗിസ്താനെ വീഴ്ത്തി ത്രിരാഷ്ട്ര ഫുട്ബാൾ കിരീടം ഇന്ത്യക്ക്
text_fieldsഇംഫാൽ: ത്രിരാഷ്ട്ര ടൂർണമെൻറിലെ രണ്ടാം മത്സരത്തിലും ആധികാരിക ജയം സ്വന്തമാക്കി കിരീടം ചൂടി ഇന്ത്യ. ചൊവ്വാഴ്ച വൈകുന്നേരം ഖുമൻ ലംപാക് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആരാധകക്കൂട്ടത്തെ സാക്ഷിനിർത്തി കിർഗിസ്താനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് ആതിഥേയർ ജേതാക്കളായത്.
34ാം മിനിറ്റിൽ സന്ദേശ് ജിങ്കാൻ നേടിയ ഗോളിലൂടെ മുന്നിലെത്തിയ ഇന്ത്യക്ക് 84ാം മിനിറ്റിൽ നായകൻ സുനിൽ ഛേത്രി പെനാൽറ്റി കിക്ക് വലയിലാക്കി ജയമുറപ്പിച്ചു. ആദ്യ കളിയിൽ മ്യാന്മറിനെ ഏകപക്ഷീയ ഗോളിന് പരാജയപ്പെടുത്തിയ നീലപ്പടക്ക് കിരീടത്തിന് കിർഗിസ്താനെതിരെ സമനില മതിയായിരുന്നു. കളത്തിൽ ഇന്ത്യ മുൻതൂക്കം പുലർത്തിയ മത്സരത്തിന്റെ ആദ്യ അരമണിക്കൂർ ഗോൾരഹിതമായി. 34ാം മിനിറ്റിൽ ഇന്ത്യക്ക് അനുകൂലമായി ലഭിച്ച ഫ്രീ കിക്കിൽ നിന്ന് ആദ്യ ഗോൾ പിറന്നു.
ബ്രണ്ടൻ ഫെർണാണ്ടസ് ബോക്സിലേക്ക് നൽകിയ പന്തിന് പിന്നാലെ കുതിച്ചെത്തി ഡിഫൻഡർ ജിങ്കാൻ മ്യാന്മറിന്റെ വല ലക്ഷ്യമാക്കി കാൽവെച്ചത് പിഴച്ചില്ല. തിരിച്ചടിക്കാൻ നേരിയ അവസരങ്ങൾ ലഭിച്ചത് കിർഗിസ്താൻ താരങ്ങൾക്ക് ഉപയോഗപ്പെടുത്താനാകാതെ പോയതോടെ ആദ്യ പകുതി ഇന്ത്യക്ക് സ്വന്തം. രണ്ടാം പകുതിയിലും ആതിഥേയ മുന്നേറ്റങ്ങൾക്കാണ് മൈതാനം കൂടുതലും സാക്ഷിയായത്. ജയത്തോടെത്തന്നെ ഇന്ത്യ കിരീടത്തിലേക്ക് നീങ്ങുമെന്ന് തോന്നിയ നിമിഷങ്ങളിൽ രണ്ടാം ഗോളും പിറന്നു.
84ാം മിനിറ്റിൽ ഇന്ത്യൻ താരങ്ങളായ ചാങ്തെയും സുരേഷ് വാങ്ജം നടത്തിയ നീക്കങ്ങൾക്കിടെ പന്ത് ലഭിച്ച നാവോരം മഹേഷ് സിങ്ങിനെ കിർഗ് ഡിഫൻഡർ പെനാൽറ്റി ഏരിയയിൽ ഫൗൾ ചെയ്തു. ഇന്ത്യയുടെ ആവശ്യത്തിന് റഫറി അംഗീകാരം നൽകിയതോടെ കിക്കെടുത്ത ഛേത്രി ഇടതുമൂലയിലൂടെ വരകടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

