സ്പെയിനിൽ ഗസ്സക്ക് പന്തുതട്ടി ഐക്യദാർഢ്യം ഫലസ്തീനും ബാസ്ക് കൺട്രി ടീമും തമ്മിലായിരുന്നു സൗഹൃദ മത്സരം
text_fieldsഗാലറിയിൽ നിന്ന്
ബിൽബാവോ (സ്പെയിൻ): അരലക്ഷത്തോളം കാണികൾക്ക് മുന്നിൽ ഫുട്ബാൾ വിരുന്നൊരുക്കി ഫലസ്തീനും ഗസ്സക്കും സ്പെയിൻ ജനതയുടെ ഐക്യദാർഢ്യം. അത്ലറ്റിക് ബിൽബാവോ ടീമിന്റെ തട്ടകമായ സാൻ മാംസ് സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു ഫലസ്തീനും ബാസ്ക് കൺട്രി ടീമും തമ്മിലെ സൗഹൃദ മത്സരം. ഗസ്സയിലേക്ക് വൈദ്യസഹായമെത്തിക്കുന്നതിന്റെ ഭാഗമായി നടന്ന ചാരിറ്റി മാച്ചിനെത്തിയവർ ഫലസ്തീൻ പതാകകളാൽ ഗാലറി നിറച്ചു. ഇസ്രായേൽ അധിനിവേശത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ കണ്ട മേഖലയാണ് ബിൽബാവോ.
ലാലിഗ ക്ലബുകളായ അത്ലറ്റിക് ബിൽബാവോ, റയൽ സോസിഡാഡിലെയും താരങ്ങളാണ് ബാസ്ക് ടീമിൽ അണിനിരന്നത്. ലഭ്യമായ ഫലസ്തീനി താരങ്ങളെയും സ്പെയിനിലെ പ്രഫഷനൽ കളിക്കാരെയും ഉൾപ്പെടുത്തി എതിർ ടീമും ഇറങ്ങി. മത്സരത്തിൽ 3-0ത്തിന് ബാസ്ക് ജയിച്ചെങ്കിലും ഇരു ഭാഗത്തെയും പിന്തുണച്ചവർ ഫലസ്തീന് ഐക്യദാർഢ്യമർപ്പിക്കുന്നതിൽ ഒറ്റക്കെട്ടായിരുന്നു. സ്പെയിനിലെ സ്വയംഭരണാവകാശമുള്ള കമ്യൂണിറ്റിയാണ് ബാസ്ക് ഭാഷയും സംസ്കാരവുമെല്ലാം പിന്തുടരുന്ന ബാസ്ക് കൺട്രി. രാജ്യം എന്നനിലയിൽ സ്പെയിനിന്റെ ഭാഗമെങ്കിലും എല്ലാതരത്തിലും സ്വതന്ത്രമായ ആശയവും നിലപാടുമുള്ള നാട്.
സ്വതന്ത്ര ഫലസ്തീൻ എന്ന ആശയത്തിന് പൂർണപിന്തുണയും, ഇസ്രായേലിനെ ലോകവേദികളിൽനിന്ന് ഒറ്റപ്പെടുത്തണമെന്നും ശക്തമായി ആവശ്യമുന്നയിക്കുന്ന മണ്ണാണ് ബാസ്ക്. സ്പെയിനിലെ ഇസ്രായേൽവിരുദ്ധ പ്രതിഷേധങ്ങളും ഇവിടെ സജീവം. സെപ്റ്റംബറിൽ സ്പെയിനിലെ ചാമ്പ്യൻസ് ലീഗ് വേദിയെ ഗസ്സ ഐക്യദാർഢ്യത്തിന്റെ സദസ്സാക്കി മാറ്റിയിരുന്നു അത്ലറ്റിക് ബിൽബാവോ ക്ലബ്. ഇവരും ഇംഗ്ലീഷ് ക്ലബ് ആഴ്സനലും തമ്മിലെ മത്സരവേദിയിൽ ഗസ്സക്ക് പൂർണപിന്തുണ പ്രഖ്യാപിച്ചുള്ള കൂറ്റൻ ബാനറുകളും ഫലസ്തീൻ ദേശീയപതാകകളും നിറഞ്ഞു. ‘ഇന്നു മുതൽ അവസാന ദിവസം വരെ നിങ്ങൾക്കൊപ്പം’ -എന്ന ഉറച്ച വാക്കുകൾ ബാസ്ക് ഭാഷയിൽ കുറിച്ചായിരുന്നു അത്ലറ്റിക് ബിൽബാവോയുടെ ഐക്യദാർഢ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

