കേരളത്തിന്റെ സ്റ്റാർ സ്ട്രൈക്കർ ശ്രീനി ഓർമയിലേക്ക്
text_fieldsഎ. ശ്രീനിവാസൻ
തളിപ്പറമ്പ്: ഫുട്ബാൾ മൈതാനങ്ങളെ തീപിടിപ്പിച്ച ഒരു കണ്ണൂർക്കാരൻകൂടി ഓർമയിലേക്ക്. അത്താഴക്കുന്നിൽനിന്ന് ഇന്ത്യൻ ഫുട്ബാളിന്റെ മേൽവിലാസംവരെയായി വളർന്ന സ്റ്റാർ സ്ട്രൈക്കർ എ. ശ്രീനിവാസനാണ് വിടപറഞ്ഞത്. കൊറ്റാളിക്കടുത്ത അത്താഴക്കുന്നിലെ അരിങ്ങളയൻ വീട്ടിൽ ഗോപാലന്റെയും കമലയുടെയും ഇളയ മകനാണ് ശ്രീനിവാസൻ.
അഞ്ചാം ക്ലാസുവരെ കുഞ്ഞിപ്പള്ളി സ്കൂളിൽ ഓട്ടവും ചാട്ടവുമായി തിളങ്ങിനിന്നപ്പോൾ കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിലെ അധ്യാപകർ ശ്രീനിയിലെ സ്പോർട്സുകാരനെ തിരിച്ചറിഞ്ഞ് അഡ്മിഷൻ നൽകി. ജി.വി. രാജയിൽ അഡ്മിഷൻ ലഭിച്ചപ്പോൾ അമ്മ കമ്മൽ വിറ്റു വാങ്ങി നൽകിയ യൂനിഫോമുമായാണ് ശ്രീനിവാസന്റെ ഐതിഹാസിക യാത്ര തുടങ്ങുന്നത്.
19ാം വയസ്സിൽ ഏഷ്യൻ ജൂനിയർ ഫുട്ബാൾ ടീമിൽ ഇന്ത്യക്കുവേണ്ടി ബൂട്ടണിഞ്ഞു. ജി.വി. രാജയിൽ പഠിക്കുമ്പോൾ മൂന്നുവർഷം സുബ്രദോ കപ്പിൽ കളിച്ചു. 88ൽ ജമ്മുവിൽ നടന്ന നാഷനൽ സ്കൂൾ ഫുട്ബാൾ മത്സരത്തിൽ കേരളത്തിന്റെ മികച്ച കളിക്കാരനായി. 1988ൽ പാലക്കാട് നടന്ന ജൂനിയർ നാഷനലിലും 89ൽ ഷില്ലോങ്ങിൽ നടന്ന അണ്ടർ 19 നാഷനൽ ജൂനിയറിലും കേരളത്തിന്റെ വൈസ് ക്യാപ്റ്റനായിരുന്നു.
1990ൽ ജൂനിയർ ഇന്ത്യൻ ക്യാമ്പിൽ സെലക്ഷൻ കിട്ടി. അതേ വർഷം കോഴിക്കോട് നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ് യോഗ്യത റൗണ്ടിൽ മാലിക്കെതിരെ നേടിയ വിജയഗോൾ പ്രതിഭാസ്പർശം നിറഞ്ഞതായിരുന്നു. 1990ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ യൂത്ത് ഫുട്ബാൾ ചാമ്പ്യൻസ് ഫൈനൽ റൗണ്ട് മത്സരങ്ങളിൽ വടക്കൻ കൊറിയ, ഖത്തർ, ഇന്തോനേഷ്യ ടീമുകളുമായി നടന്ന മത്സരങ്ങളിൽ ഇന്ത്യക്കായി മുഴുവൻ സമയ കളിക്കാരനായി തിളങ്ങി.
1991ൽ കോയമ്പത്തൂരിൽ നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ കേരള ടീം അംഗമായി. 1992ൽ എഫ്.എ.സി.ടിയിൽനിന്ന് രാജിവെച്ച് കേരള പൊലീസ് ടീമിൽ ഇടംപിടിച്ചു.
95ൽ കോഴിക്കോട് നടന്ന സിസേഴ്സ് കപ്പ് ടൂർണമെന്റിൽ കൊൽക്കത്ത മുഹമ്മദൻസ് സ്പോർട്ടിങ്ങിനെതിരെ ഹാട്രിക്ക് നേടി പൊലീസ് ടീമിന് ഉജ്ജ്വല ജയം നേടിക്കൊടുത്തു. കണ്ണൂർ സ്പിരിറ്റഡ് യൂത്ത്സ് ക്ലബിലൂടെ പിച്ചവെച്ച ശ്രീനിവാസൻ 10 വർഷം കേരള പൊലീസിന്റെ ജഴ്സിയണിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

