റയലിന്റെ തട്ടകത്തിൽ ഫൈനലിസിമ കളിക്കാനാവില്ലെന്ന് അർജന്റീന
text_fieldsദോഹ: അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങളെ തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, അർജന്റീനയും സ്പെയിനും തമ്മിലുള്ള 'ഫൈനലിസിമ' ഫുട്ബാൾ പോരാട്ടത്തിന്റെ വേദി മാറ്റാൻ സാധ്യത. മാർച്ച് 27ന് ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരത്തിന്റെ കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. മിഡിൽ ഈസ്റ്റിലെ പ്രതിസന്ധിയെ തുടർന്ന് ഖത്തർ ഫുട്ബാൾ അസോസിയേഷൻ അവരുടെ ആഭ്യന്തര ടൂർണമെന്റുകൾ നിർത്തിവെച്ചതിന് പിന്നാലെയാണ് ഫൈനലിസിമ വേദിയുടെ കാര്യത്തിലും ആശങ്കയുയർന്നത്. മത്സരം സുഗമമായി നടത്താനുള്ള ബദൽ മാർഗങ്ങൾ അർജന്റീനിയൻ ഫുട്ബാൾ അസോസിയേഷനും റോയൽ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷനും പരിഗണിക്കുന്നുണ്ട്.
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലമീൻ യമാലും നേർക്കുനേർ വരുന്ന 'തലമുറകളുടെ പോരാട്ടം' കാണാൻ ആവേശത്തോടെയാണ് ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരുന്നത്. മത്സരത്തിന്റെ 90,000-ത്തിലധികം ടിക്കറ്റുകളാണ് അതിവേഗം വിറ്റുതീർന്നത്. സംഘർഷത്തിൽ അമേരിക്കക്കുള്ള പങ്ക് ചൂണ്ടിക്കാട്ടി മയാമി, ന്യൂയോർക്ക് തുടങ്ങിയ വേദികൾ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ഇതിനിടെ റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിലേക്ക് മത്സരം മാറ്റാമെന്ന് സ്പാനിഷ് ഫെഡറേഷൻ നിർദ്ദേശിച്ചെങ്കിലും അർജന്റീന ഇത് നിരസിച്ചു. ലയണൽ മെസ്സിയെ വീണ്ടും ബെർണബ്യൂവിലേക്ക് അയക്കാൻ അവർ തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ. ലോകകപ്പിന് മുമ്പ് അർജന്റീനയിൽ വെച്ച് മത്സരം നടത്താമെന്ന മറു നിർദ്ദേശമാണ് എ.എഫ്.എ മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാൽ ദക്ഷിണ അമേരിക്കയിലേക്ക് മത്സരം മാറ്റുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
അനിശ്ചിതത്വങ്ങൾക്കിടയിൽ ലണ്ടൻ പുതിയ വേദിയായി ഉയർന്നുവരുന്നുണ്ട്. ദോഹയിലെ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് മത്സരം ലണ്ടനിലേക്ക് മാറ്റാനുള്ള സാധ്യതകൾ സജീവമാണെന്ന് 'ദി ഇൻഡിപെൻഡന്റ്' റിപ്പോർട്ട് ചെയ്തു. 2022ൽ അർജന്റീന ഇറ്റലിയെ പരാജയപ്പെടുത്തിയ വെംബ്ലി സ്റ്റേഡിയത്തിൽ അന്ന് ഇംഗ്ലണ്ടും ഉറുഗ്വേയും തമ്മിലുള്ള മത്സരമുള്ളതിനാൽ മറ്റ് മുൻനിര സ്റ്റേഡിയങ്ങൾ പരിഗണനയിലുണ്ട്. മൊറോക്കോയുടെ പേരും ഔദ്യോഗികമായി ഉയർന്നുവന്നിരുന്നെങ്കിലും 2030 ലോകകപ്പ് ബിഡുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് സ്പെയിൻ ഇത് നിരസിച്ചു. ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ മിയാമി ഓപ്പൺ ടെന്നീസ് ടൂർണമെന്റ് നടക്കുന്നതിനാൽ മിയാമിയും സാധ്യമല്ല.
ഖത്തർ ഫുട്ബാൾ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഫൈനലിസിമയുടെ അവകാശം ഖത്തർ സ്വന്തമാക്കിയത്. അതിനാൽ തന്നെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ഫെഡറേഷനും യുവേഫയും കോൺമെബോളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. മാർച്ച് 30ന് ഈജിപ്തുമായി സ്പെയിനും 31ന് ഖത്തറുമായി അർജന്റീനയും സൗഹൃദ മത്സരങ്ങൾ കളിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഫൈനലിസിമ മാറ്റിവെച്ചാൽ ഫിഫ വിൻഡോയിലെ ഈ മത്സരങ്ങളുടെ ക്രമീകരണങ്ങളെയും അത് സാരമായി ബാധിക്കും. വരും മണിക്കൂറുകളിൽ തന്നെ ഫൈനലിസിമയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് ഫുട്ബാൾ ലോകം പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

