ഏഷ്യ കപ്പും ഏകദിന ലോകകപ്പും: ഇന്ത്യ- പാക് വിഷയം ചർച്ച ചെയ്യാൻ ഐ.സി.സി യോഗം
text_fieldsപാകിസ്താൻ വേദിയാകേണ്ട ഏഷ്യ കപ്പിലും അതുകഴിഞ്ഞ് ഇന്ത്യ ആതിഥ്യമരുളേണ്ട ഏകദിന ലോകകപ്പിലും ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം സംബന്ധിച്ച പ്രതിസന്ധി ചർച്ച ചെയ്യാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ബോർഡ് യോഗം. പാകിസ്താനിൽ ഏഷ്യകപ്പ് നടത്തിയാൽ പങ്കെടുക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഏഷ്യ കപ്പിനില്ലെങ്കിൽ ഒക്ടോബർ- നവംബർ മാസങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്താൻ എത്തില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡും പ്രഖ്യാപിച്ചു.
ഇതോടെ, പ്രതിസന്ധി രൂക്ഷമായ ടൂർണമെന്റുകൾ സംബന്ധിച്ച് ബോർഡ് യോഗം തീരുമാനമെടുത്തേക്കും. ഈ വർഷം ഏഷ്യ കപ്പിനു പുറമെ 2025ലെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയും പാകിസ്താനിലാണ് നടക്കേണ്ടത്. പാക് ക്രിക്കറ്റ് ബോർഡ് ഭീഷണിയുണ്ടെങ്കിലും ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യം പാക് സർക്കാറാണ് അന്തിമ തീരുമാനമെടുക്കുക. ഏഷ്യ കപ്പിൽ ഇന്ത്യ പങ്കെടുത്താലും ഇല്ലെങ്കിലും ഇന്ത്യയിൽ പര്യടനത്തിനാണ് സർക്കാർ ആവശ്യപ്പെടുന്നതെങ്കിൽ അനുസരിക്കാൻ ബാധ്യസ്ഥമാണെന്ന് പാക് ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ നജം സേഥി പറഞ്ഞു.
ഇന്ത്യക്ക് പാകിസ്താനിൽ കളിക്കാൻ പ്രയാസമുണ്ടെങ്കിൽ ഏഷ്യ കപ്പ് ശ്രീലങ്കയിൽ നടത്തണമെന്ന് കഴിഞ്ഞ ദിവസം മുൻ പാക് ക്രിക്കറ്റർ ശുഐബ് അഖ്തർ ആവശ്യപ്പെട്ടിരുന്നു. മുൻനിര ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഇരു ടീമും മുഖാമുഖം വരുന്നതാണ് ഏറ്റവും ആകർഷകമെന്നും വേദിയുടെ പേരിൽ അത് മുടങ്ങരുതെന്നുമായിരുന്നു താരത്തിന്റെ ആവശ്യം.