പ്രായം 41ലും ഇബ്രാഹീമോവിച്ചിനെ തിരിച്ചുവിളിച്ച് സ്വീഡൻ; യൂറോ കപ്പ് യോഗ്യത മത്സരങ്ങളിൽ ഇറങ്ങിയേക്കും
text_fieldsഒരു വർഷമായി ടീമിൽനിന്ന് മാറിനിൽക്കുന്ന സ്ലാറ്റൻ ഇബ്രാഹീമോവിച്ചിനെ തിരിച്ചുവിളിച്ച് സ്വീഡൻ. പ്രായം 41ൽ നിൽക്കെയാണ് വീണ്ടും വിളിയെത്തുന്നത്. ആദ്യ ഇലവനിൽ പൊതുവെ ഇടം ലഭിച്ചേക്കില്ലെങ്കിലും പകരക്കാരുടെ പട്ടികയിലെ ഒന്നാം നമ്പറുകാരനായി സ്ലാറ്റനും ഉണ്ടാകുമെന്ന് കോച്ച് ജെയിൻ ആൻഡേഴ്സൺ സൂചിപ്പിച്ചു.
യൂറോ കപ്പ് യോഗ്യതക്കായി ബെൽജിയം, അസർബൈജാൻ ടീമുകൾക്കെതിരെ സ്വീഡന് ഈ മാസം മത്സരങ്ങളുണ്ട്. 2022 ലോകകപ്പ് യോഗ്യത േപ്ലഓഫിൽ പോളണ്ടിനെതിരെയാണ് അവസാനമായി ദേശീയ ജഴ്സിയിൽ ഇറങ്ങിയത്. സീരി എയിൽ എ.സി മിലാനൊപ്പം കളിക്കുന്ന സ്ലാറ്റൻ ഈ സീസണിൽ മൂന്നു കളികളിൽ ടീമിനൊപ്പം ഇറങ്ങിയിട്ടുണ്ട്. ദേശീയ ജഴ്സിയിൽ മുമ്പ് പതിവു സാന്നിധ്യമായിരുന്ന മുൻ യുനൈറ്റഡ്, പി.എസ്.ജി താരം സ്വീഡന്റെ എക്കാലത്തെയും ടോപ്സ്കോററാണ്. 121 കളികളിൽ 62 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.
അമേരിക്കൻ ലീഗിൽ പന്തുതട്ടിയതിനൊടുവിൽ വീണ്ടും യൂറോപ്യൻ ലീഗിലെത്തിയ താരത്തിന്റെ കരുത്തിൽ എ.സി മിലാൻ നീണ്ട ഇടവേളക്കു ശേഷം ആദ്യമായി സീരി എ ചാമ്പ്യന്മാരായിരുന്നു. കഴിഞ്ഞ വർഷം മേയിൽ കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ സ്ലാറ്റൻ അടുത്തിടെയാണ് വീണ്ടും സജീവമായത്. ‘പിച്ചിലും പുറത്തും ചിലതു ചെയ്യാൻ താരത്തിനാകുമെന്ന്’ കോച്ച് ആൻഡേഴ്സൺ പറഞ്ഞു.
മിലാൻ ടീമുമായി ഈ വർഷം കരാർ അവസാനിക്കാനിരിക്കുകയാണ്.