Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇറങ്ങി പോകാൻ പാടില്ലായിരുന്നു', 'മാപ്പ്'; വിവാദങ്ങളിൽ മൗനം വെടിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ

text_fields
bookmark_border
ഇറങ്ങി പോകാൻ പാടില്ലായിരുന്നു, മാപ്പ്; വിവാദങ്ങളിൽ മൗനം വെടിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ
cancel

പോർച്ചുഗൽ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ജോർജ് ജീസസിനെതിരെ രൂക്ഷവിമർശനവുമായി ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പരിശീലകൻ തനിക്ക് നൽകിയ വാക്ക് ലംഘിച്ചുവെന്ന് ആരോപിച്ച റൊണാൾഡോ, ദേശീയ ടീം ക്യാമ്പ് വിട്ടുപോയതിൽ സഹതാരങ്ങളോടും ആരാധകരോടും മാപ്പപേക്ഷിച്ചു. തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ച 1740 വാക്കുകളുള്ള ദീർഘമായ കുറിപ്പിലൂടെയാണ് 41-കാരനായ താരത്തിന്റെ പ്രതികരണം. പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ സ്വീകരിക്കുന്ന ഏത് അച്ചടക്ക നടപടിയും നേരിടാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്കുതെറ്റിച്ച് പരിശീലകൻ

യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കിടെ ടീം ക്യാമ്പ് വിട്ട തന്റെ നടപടി തെറ്റായിരുന്നുവെന്ന് റൊണാൾഡോ സമ്മതിച്ചു. "സഹതാരങ്ങളോട് ഞാൻ മാപ്പ് ചോദിക്കുന്നു. പരിശീലകന്റെ വാക്കുകളിലുള്ള വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടുവെങ്കിലും ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം എനിക്കാണ്," റൊണാൾഡോ വ്യക്തമാക്കി. ഒരു സാധാരണ കളിക്കാരനല്ല, മറിച്ച് ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് താൻ എന്നതിനാൽ തന്റെ പ്രവൃത്തിയുടെ ഗൗരവം വർധിക്കുന്നതായും റൊണാൾഡോ അംഗീകരിച്ചു. എന്നാൽ പോർച്ചുഗൽ ടീമിനായി കളിക്കാനും വിജയം നേടാനും താൻ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേഷൻസ് ലീഗിൽ നോർവേ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾക്കെതിരായ മത്സരങ്ങൾക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിദേശത്ത് നടക്കുന്ന മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന് വിശ്രമിക്കാനുള്ള പരിശീലകന്റെ ആദ്യ നിർദേശം, ഒരു ക്യാപ്റ്റൻ എന്ന നിലയിൽ അത് തെറ്റായ മാതൃക നൽകുമെന്ന് ചൂണ്ടിക്കാട്ടി റൊണാൾഡോ നിരസിച്ചിരുന്നു. തുടർന്ന് നോർവേക്കെതിരായ മത്സരത്തിൽ ബെഞ്ചിലിരുന്ന റൊണാൾഡോയോട് 30 മിനിറ്റ് കളിക്കാൻ തയ്യാറാണോ എന്ന് പരിശീലകൻ ചോദിച്ചു. ഇതനുസരിച്ച് പകുതി സമയം മുതൽ വാം അപ്പ് ചെയ്തെങ്കിലും അദ്ദേഹത്തെ കളത്തിലിറക്കിയില്ല.

ഇതിനുശേഷം ഡെൻമാർക്കിനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ ഈ വിഷയത്തിൽ പരിശീലകൻ മാപ്പുപറയുമെന്ന് ഇരുവരും തമ്മിൽ ധാരണയിലായിരുന്നു. എന്നാൽ, ഇതിന് വിപരീതമായി വളരെ 'ആക്രമണോത്സുകമായ' രീതിയിലാണ് കോച്ച് മാധ്യമങ്ങളോട് സംസാരിച്ചത്. രണ്ടാമതും പരിശീലകൻ വാക്ക് തെറ്റിച്ചതോടെ താൻ അങ്ങേയറ്റം അപമാനിതനായെന്നും, തുടർന്നാണ് ക്യാമ്പ് വിടാൻ തീരുമാനിച്ചതെന്നും പോർച്ചുഗലിന്റെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരൻ കൂടിയായ റൊണാൾഡോ വിശദീകരിച്ചു.

തെറ്റ് സമ്മതിച്ച് ജോർജ് ജീസസ്

അതേസമയം, സംഭവത്തിൽ തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സമ്മതിച്ച് പരിശീലകൻ ജോർജ് ജീസസും രംഗത്തെത്തി. പെലെയെയും മറഡോണയെയും പോലെയുള്ള ഒരു ഇതിഹാസ താരത്തോട് വാം അപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും പിന്നീട് കളത്തിലിറക്കാതിരിക്കുകയും ചെയ്തത് വലിയ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

"ഇന്നാണ് അതീ സംഭവിക്കുന്നതെങ്കിൽ ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. എനിക്ക് റൊണാൾഡോയെ ദേശീയ ടീ6മിൽ ആവശ്യമുണ്ട്. കഴിഞ്ഞ 24 വർഷമായി ടീമിന് അദ്ദേഹം നൽകുന്ന സംഭാവനകൾ എനിക്കറിയാം. നോർവേയിലെ ആരാധകരെ അഭിവാദ്യം ചെയ്യാതെ അദ്ദേഹം മടങ്ങിയത് ഒരു നിരാശയുടെ നിമിഷം മാത്രമായിരുന്നു. 230-ലധികം മത്സരങ്ങൾ കളിച്ച ഒരു താരത്തിന് രാജ്യത്തോടുള്ള സ്നേഹത്തെക്കുറിച്ച് ഞാൻ ക്ലാസെടുക്കേണ്ട കാര്യമില്ല. ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കിയെടുക്കേണ്ടതില്ല," ജോർജെ ജീസസ് വ്യക്തമാക്കി.

നേഷൻസ് ലീഗിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച പോർച്ചുഗൽ നിലവിൽ രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ തന്നെ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. വിവാദങ്ങൾക്കിടയിലും ടീമിന്റെ മികച്ച പ്രകടനം ആരാധകർക്ക് ആശ്വാസമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'I Shouldn't Have Left': Cristiano Ronaldo Apologizes for Portugal Walkout
Next Story