കൊൽക്കത്ത: സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ശനിയാഴ്ച ആരുടെ കണ്ണീര് വീഴും? ഗോകുലം കേരള എഫ്.സിയോ കൊൽക്കത്ത മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബോ രണ്ടിലേത് ടീം കിരീടം നേടിയാലും ചരിത്രമാണ്. ദേശീയ ലീഗ് ഐ ലീഗായതിന്‍ ശേഷം ഒന്നരപ്പതിറ്റാണ്ടിനിടെ കിരീടം നിലനിർത്തിയവരാരുമില്ല. അങ്ങിനെയൊരു അവസരമാണ് ഗോകുലത്തിന് കൈവന്നിരിക്കുന്നത്. മുഹമ്മദൻസാവട്ടെ കന്നിക്കിരീടത്തിനരികെയും. സന്തോഷ് ട്രോഫിയിലെ കേരളം-ബംഗാൾ ഫൈനലിന് ശേഷം ഇരു സംസ്ഥാനത്തെയും ടീമുകൾ ഐ ലീഗ് ചാമ്പ്യന്മാരാവാൻ മുഖാമുഖമെത്തുന്നത് രാജ്യത്തെ ഫുട്ബാൾ പ്രേമികൾ ഉറ്റുനോക്കുന്നുണ്ട്. ഇന്ന് രാത്രി ഏഴിനാണ് മലബാറിയൻസും മുഹമ്മദൻസും അവസാന മത്സരത്തിനിറങ്ങുന്നത്. കിരീടം നേടാൻ ഗോകുലത്തിന് സമനില മാത്രം മതി. മുഹമ്മദൻസിന് ജയിച്ചേ തീരൂ.17 മത്സരങ്ങളിൽ12 ജയവും നാല് സമനിലയും ഒരു തോൽവിയുമായി 40 പോയൻറാണ് ഗോകുലത്തിന്. മുഹമ്മദൻസിന് ഇത്രയും കളിയിൽ 37 പോയന്റും. കൊൽക്കത്തക്കാർ ജയിക്കുന്നതോടെ അവർക്ക് 40 ആവും. ഇരു ടീമും തമ്മിൽ ഏറ്റുമുട്ടിയ ഫലം നോക്കിയാവും ജേതാക്കളെ തീരുമാനിക്കുക.
കഴിഞ്ഞ മത്സരത്തിൽ ശ്രീനിധി ഡെക്കാൻ എഫ്.സിയോടേറ്റ അപ്രതീക്ഷിത തോൽവിയാണ് ഗോകുലത്തിന്റെ സാധ്യത തുലാസിലാക്കിയത്. ഗോകുലം മുന്‍താരം മാര്‍ക്കസ് ജോസഫാണ് മുഹമ്മദന്‍സ് മുന്നേറ്റത്തിൽ. ആക്രമണനിരയെ പ്രതിരോധിക്കുക ഗോകുലത്തിന് മുന്നിലെ പ്രധാന വെല്ലുവിളിയാണ്. ശ്രീനിധിക്കെതിരേ ചുവപ്പ് കാര്‍ഡ് ലഭിച്ച ക്യാപ്റ്റനും മധ്യനിര താരവുമായ ശരീഫ് മുഹമ്മദും മലയാളി താരം ജിതിന് എം.എസും ഇന്ന് കളിക്കില്ല. പരിക്കിന്റെ പിടിയിലായിരുന്നു സ്ലോവേനിയന്‍ താരം ലൂക്ക മെയ്സന്‍ തിരിച്ചെത്തിയേക്കും. കഴിഞ്ഞ മത്സരത്തിൽ പാളിച്ചയുണ്ടായെന്നും രണ്ടാം പകുതിയിൽ തിരിച്ച് വരവിന് ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഗോകുലം മുഖ്യ പരിശീലകൻ വിൻസെൻസോ ആൽബർട്ടോ പറഞ്ഞു. ''ഇതാണ് ഫുട്ബാളെന്ന് ഞാൻ കളിക്കാരെ ഉണർത്തി. ഒരു മിനിറ്റ് കൊണ്ട് ഫലം മാറിമറിയാം. കിരീടം നേടാനൊരു അവസരം കൈവന്നിരിക്കുന്നു.
ഫാൻസും ആവേശത്തിലാണ്. മികച്ച രണ്ട് ടീമുകൾ ഏറ്റുമുട്ടത് ഇന്ത്യൻ ഫുട്ബാളിനും നല്ലതാണ്.''-മുഹമ്മദൻസ് പരിശീലകൻ ആന്ദ്രെ ചെർണിഷോവ് വ്യക്തമാക്കി. ലീഗ് ഘട്ടത്തില്‍ ഗോകുലം മുമ്പ് മുഹമ്മദന്‍സുമായി മത്സരിച്ചപ്പോള്‍ 1-1 സമനിലയായിരുന്നു ഫലം.