വിദൂര സാധ്യത തേടി ഗോകുലം ഇന്ന് ശ്രീനിധിക്കെതിരെ
text_fieldsകോഴിക്കോട്: ഐ ലീഗ് കിരീടത്തിന് വിദൂരസാധ്യത നിലനിൽക്കുന്ന ഗോകുലം കേരള എഫ്.സി ശ്രീനിധി ഡെക്കാനുമായി ഞായറാഴ്ച ഏറ്റുമുട്ടും. കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഏറ്റുമുട്ടുന്ന ഗോകുലവും ശ്രീനിധിയും 36 പോയന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവരാണ്. 20 കളിയിൽ 10 ജയവും ആറ് സമനിലയുമുള്ള ഗോകുലത്തിന് ഇനി നാലു കളികൾ മാത്രമാണ് അവശേഷിക്കുന്നത്. ശ്രീനിധി 18 മത്സരങ്ങൾ കളിച്ചതിൽ 11 ജയവും മൂന്ന് സമനിലയും നേടി. ആറു കളികൾ ഇവർക്ക് അവശേഷിക്കുന്നുണ്ട്. ഒന്നാം സ്ഥാനത്തുള്ള മുഹമ്മദൻസിന് 19 കളിയിൽ 44 പോയന്റുണ്ട്.
അഞ്ചു കളികൾ ബാക്കിയുമുണ്ട്. ശേഷിക്കുന്ന നാല് മത്സരങ്ങളും ജയിക്കുന്നതിനൊപ്പം മറ്റു ടീമുകൾ തുടർതോൽവികൾ ഏറ്റുവാങ്ങുകയും ചെയ്താലേ ഗോകുലത്തിന് പ്രതീക്ഷയുള്ളൂ. 11 മലയാളി താരങ്ങളും അഞ്ച് വിദേശതാരങ്ങളും ഉൾപ്പെട്ട മലബാറിയൻസ് ചില മത്സരങ്ങൾ കൈവിട്ടത് അപ്രതീക്ഷിതമായായിരുന്നു.

