ഐ ലീഗ്; ഇഞ്ചോടിഞ്ചുറി
text_fieldsകോഴിക്കോട്ട് ഐ ലീഗ് ഫുട്ബാളിൽ ഷില്ലോങ് ലജോങ്ങിനെതിരെ ഗോകുലം താരം മഷൂർ ഷരീഫ് ഹെഡ്ഡറിലൂടെ ഗോൾ നേടുന്നു ഫോട്ടോ: ബിമൽ തമ്പി
കോഴിക്കോട്: ഐ ലീഗിൽ തുടർജയം മോഹിച്ചിറങ്ങിയ ഗോകുലം കേരളയെ മൂന്നിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തി ഷില്ലോങ് ലജോങ്. സ്വന്തം തട്ടകമായ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഇഞ്ചോടിഞ്ച് പോര് തീരാൻ നിമിഷങ്ങൾ ബാക്കിയിരിക്കെയാണ് മലബാറിയൻസ് തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ പട്ടികയിൽ 26 പോയന്റുമായി നാലാം സ്ഥാനത്താണ് ഷില്ലോങ്. ഗോകുലം 25 പോയന്റിൽ അഞ്ചാമതും.
ഒമ്പതാം മിനിറ്റിൽതന്നെ ഗോൾ കുറിച്ച് ഗോകുലം മത്സരത്തിന് ആവേശമിളക്കിവിട്ടു. ഫോർവേഡായ വിദേശ താരം നെൽസൺ ബ്രൗൺ മുന്നേറി ഷില്ലോങ്ങിന്റെ ഗോൾകീപ്പർ റനിത് സർക്കാറിനു നേരെ കുതിച്ചു. കീപ്പർ അഡ്വാൻസ് ചെയ്ത് എത്തിയെങ്കിലും ബ്രൗൺ ലക്ഷ്യം കണ്ട് 1-0 ലീഡിലെത്തി.
14ാം മിനിറ്റിൽ ഷില്ലോങ്ങിന്റെ മിഡ്ഫീൽഡർ ട്രെമിക്കി നൽകിയ ക്രോസ് ഷോട്ട് മിഡ്ഫീൽഡർ ബുയാം വിദഗ്ധമായി ഗോകുലം ഗോൾകീപ്പർ ബിഷോർജിത്ത് സിങ്ങിനെ മറികടത്തി കളി 1-1 സമനിലയിലാക്കി. 50ാം മിനിറ്റിൽ ഷില്ലോങ്ങിന്റെ ആദ്യ ഗോളിന്റെ തനിയാവർത്തനമായി ഗോകുലത്തിന്റെ ബോക്സിനു തൊട്ടു മുന്നിൽ വെച്ച് ട്രെമിക്കി നൽകിയ പാസ് ബുയാം ഗോളാക്കിയതോടെ സ്കോർ 1-2.
54ാം മിനിറ്റിൽ ഗോകുലം മുന്നേറ്റം നടത്തിയെങ്കിലും ഷില്ലോങ് പ്രതിരോധത്തിൽ കോർണറായി. ഗോകുലത്തിന്റെ മിഡ്ഫീൽഡർ സ്പെയിൻ താരം ലെബല്ലഡോ എടുത്ത കിക്കിൽ ബ്രൗൺ തല വെച്ചതോടെ സ്കോർ 2-2 എന്ന നിലയിലാക്കി രണ്ടാം ഗോൾ നേടി. 85 ാം മിനിറ്റിൽ ഷില്ലോങ്ങിന്റെ പകരക്കാരനായിറങ്ങിയ ഗ്ലാഡിനർ നൽകിയ പാസ് ഫോർവേഡ് ബ്രസീലിയൻ താരം മാർക്കോസ് റുഡ് വേർ ഗോളാക്കിയതോടെ 2 - 3.
88ാം മിനിറ്റിൽ ഗോകുലത്തിന്റെ പകരക്കാരൻ ഡിഫൻഡർ മഷൂർ ഷരീഫ് ഹെഡ് ചെയ്ത് വീണ്ടും സമനിലയിലാക്കി (3-3). ഇഞ്ച്വറി ടൈമിൽ ഷില്ലേങ്ങിനു ലഭിച്ച ഫ്രീക്വിക്കെടുത്ത ക്യാപ്റ്റൻ റെനൻ പൗലിങ് പ്രതിരോധ മതിലുകൾക്കിടയിലൂടെ തൊടുത്ത ഷോട്ട് ഗോകുലം കീപ്പറെ നിഷ്പ്രഭനാക്കി വലകുലുക്കി ജയം പിടിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

