ഐ ലീഗ്: ഗോകുലം ഇന്ന് ചർച്ചിലിനെതിരെ
text_fieldsമഡ്ഗാവ്: ഐ ലീഗ് പോയന്റ് പട്ടികയിൽ വീണ്ടും നാലാം സ്ഥാനത്തേക്ക് താഴ്ന്ന ഗോകുലം കേരള എഫ്.സി നേരിയ കിരീടപ്രതീക്ഷ നിലനിർത്താൻ ഞായറാഴ്ച ചർച്ചിൽ ബ്രദേഴ്സിനെതിരെ. വാസ്കോ ഡ ഗാമയിലെ തിലക് മൈതാനത്ത് നടക്കുന്ന മത്സരം ജയിച്ചാൽ ഗോകുലത്തിന് (27) വീണ്ടും മൂന്നാം സ്ഥാനത്തേക്ക് കയറാം.
26 പോയന്റുള്ള ചർച്ചിലിനോട് തോൽക്കുന്നപക്ഷം നിലവിലെ ചാമ്പ്യന്മാരായ മലബാറിയൻസ് അഞ്ചാം സ്ഥാനത്തേക്ക് വീഴുന്ന സാഹചര്യവുമുണ്ടാവും. തുടർച്ചയായ തോൽവികൾക്ക് ശേഷം രാജസ്ഥാൻ യുനൈറ്റഡിനെ കഴിഞ്ഞ ദിവസം 2-1ന് തോൽപിച്ച് വിജയവഴിയിൽ തിരിച്ചെത്തിയതാണ് ഗോകുലം.
ഒന്നാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാന് (37) ഏറ്റവും പിറകിലുള്ള സുദേവ ഡൽഹിയുമായി ഞായറാഴ്ച കളിയുണ്ട്. ഇതിൽ ശ്രീനിധി ജയം തുടർന്നാൽ കിരീടം നിലനിർത്തുകയെന്ന ഗോകുലത്തിന്റെ ആഗ്രഹം ഏറക്കുറെ അവസാനിക്കും. 22 മത്സരങ്ങളിലെ 18ാം റൗണ്ടാണ് ഞായറാഴ്ച നടക്കുന്നത്.

